രണ്ടാം മാറാട് കലാപക്കേസ്; രണ്ട് പേര്‍ കുറ്റക്കാരെന്ന് കോടതി

0
57

രണ്ടാം മാറാട് കലാപക്കേസില്‍ രണ്ട് പേര്‍ കുറ്റക്കാരെന്ന് കോടതി വിധി. 95ാം പ്രതി ഹൈദ്രോസ് കുട്ടി 148ാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. മാറാട് കേസിന്റെ വിചാരണയ്ക്കായി സ്ഥാപിച്ച കോഴിക്കോട് മാറാട് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അംബികയാണ് വിധി പറഞ്ഞത്.

കടലുണ്ടി ആനങ്ങാടി സ്വദേശിയാണ് ഹൈദ്രോസ് കുട്ടി എന്ന കോയമോന്‍. നിസാമുദ്ദീന്‍ മാറാട് സ്വദേശിയാണ്. നവംബര്‍ 23ന് കോടതി ഇവര്‍ക്ക് ശിക്ഷ വിധിക്കും. ഹൈദ്രോസ് കുട്ടി കലാപത്തിന് കാരണമായി ബോംബുണ്ടാക്കിയെന്നും നിസാമുദ്ദീന്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തെന്നുമായിരുന്നു കേസ്. കലാപത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. 2010 ഒക്ടോബര്‍ 15ന് നെടുമ്പാശേരിയില്‍ നിന്ന് വിമാനം കയറവേയായിരുന്നു നിസാമുദ്ദീന്‍ പിടിയിലായത്. ഹൈദ്രോസ് കുട്ടി 2011 ജനുവരിയിലാണ് പൊലിസിന്റെ പിടിയിലാവുന്നത്.

രണ്ടാം മാറാട് കലാപക്കേസില്‍ 148 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 139 പേര്‍ വിചാരണ നേരിട്ടതില്‍ 61 പേര്‍ക്ക് കോടതി നേരത്തേ ശിക്ഷ വിധിച്ചിരുന്നു. 2003 മെയ് രണ്ടിനായിരുന്നു ഒമ്പത് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ടാം മാറാട് കലാപം നടന്നത്.