വ്യാഴത്തെക്കാൾ വലിയ ഗ്രഹം, വൻ കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

0
77

ഭൂമിയിൽ നിന്ന് 725 പ്രകാശവർഷമകലെ വ്യാഴഗ്രഹത്തേക്കാൾ വലുപ്പമേറിയ ഒരു ഗ്രഹത്തെ കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലുള്ള ഗവേഷകരാണു കണ്ടെത്തൽ നടത്തിയത്. സൂര്യനേക്കാൾ ഒന്നരയിരട്ടി വലുപ്പമുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന നിലയിലാണ് ഗ്രഹമുള്ളത്. സൗരയൂഥത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്നത് പുറംഗ്രഹങ്ങൾ (എക്സോപ്ലാനറ്റുകൾ ) എന്ന പേരിലാണ്. ഇപ്പോൾ കണ്ടെത്തിയ ഗ്രഹവും ഒരു പുറംഗ്രഹമാണ്.

ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ പരസ് എന്ന സ്പെക്ട്രോഗ്രാഫ് 1.2 മീറ്റർ നീളമുള്ള ടെലിസ്കോപ്പിൽ നിന്നുള്ള ചിത്രങ്ങളിൽ ഉപയോഗിച്ചാണ് പുറംഗ്രഹത്തെ കണ്ടെത്താൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞത്. രാജസ്ഥാനിലെ മൗണ്ട് അബു ഒബ്സർവേറ്ററിയിലാണ് ഈ ടെലിസ്കോപ് സ്ഥിതിചെയ്യുന്നത്. വ്യാഴത്തിന്റെ ഒന്നരയിരട്ടി വലുപ്പമുണ്ടെങ്കിലും കണ്ടെത്തിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ 70 ശതമാനം മാത്രമെ വരൂ.

2020 ഡിസംബർ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങൾ നടന്നത്. ജർമനിയിൽ നിന്നു കൂടുതൽ മികവുറ്റ സ്പെക്ട്രോഗ്രാഫ് വിവരങ്ങളും ലഭിച്ചു. പുതിയ ഗ്രഹത്തിന് ടിഒഐ 1789 എന്നാണു പേരിട്ടിരിക്കുന്നത്. ഇതു ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന്റെ പേര് എച്ച്ഡി 82139 എന്നുമാണ്. ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ പ്രഫ.അഭിജിത്ത് ചക്രവർത്തി എന്ന ശാസ്ത്രജ്ഞനാണു ഗവേഷണത്തിനു നേതൃത്വം വഹിച്ചത്. അദ്ദേഹത്തിന്റെ സംഘത്തിൽ യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിവിധ ഗവേഷകർ ഉൾപ്പെട്ടിരുന്നു.

നമ്മുടെ ഭൂമി സൂര്യനെ ഒരു തവണ ചുറ്റി വരാൻ 365 ദിവസങ്ങൾ എടുക്കുമെന്നറിയാമല്ലോ. എന്നാൽ ഈ ഗ്രഹം നക്ഷത്രത്തെ ചുറ്റാൻ വെറും 3.2 ദിവസങ്ങൾ മാത്രമാണ് എടുക്കുന്നത്. നക്ഷത്രത്തോട് വളരെ അടുത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ് ഇത്. ഇത്രയും അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്ര–ഗ്രഹ സംവിധാനങ്ങൾ വളരെക്കുറച്ചുമാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. നക്ഷത്രവുമായി ഇത്ര അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഗ്രഹത്തിന്റെ ഉപരിതല താപനില വളരെക്കൂടുതലാണ്. 2000 കെവിൻ വരെയുള്ള താപനില ഇതു മൂലം ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ട്. സാന്ദ്രതയും കുറവാണ്. പരസ് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഫിസിക്കൽ റിസർച് ലബോറട്ടറി കണ്ടെത്തുന്ന രണ്ടാമത്തെ പുറംഗ്രഹമാണിത്. 600 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന കെ2–236ബി എന്ന ഗ്രഹത്തെയാണ് ആദ്യം കണ്ടെത്തിയത്. 2018ൽ ആയിരുന്നു ഇത്.