നാച്ചുറോപ്പതി ദിനം; സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

0
116

ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനവും ‘പ്രാണ’ പദ്ധതിയുടെ ഉൽഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാഷ്‌ട്രപിതാവായ മഹാത്‌മാ ഗാന്ധിക്ക് നാച്ചുറോപ്പതിയോടുള്ള അഭിനിവേശമാണ് ഈ ദിവസം ദേശീയ നാച്ചുറോപ്പതി ദിനമായി ആചരിക്കുവാനുള്ള കാരണം.

ദേശീയ നാച്ചുറോപ്പതി ദിനത്തോട് അനുബന്ധിച്ച് ആയുഷ് വകുപ്പ് ‘പ്രാണ’ എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി യോഗ നാച്ചുറോപ്പതിയുടെ പാഠങ്ങള്‍ അവരിലേക്ക് എത്തിക്കുന്ന ഒരു പദ്ധതിയാണിത്. സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും മികച്ച ജീവിതരീതിയുടെ, യോഗ നാച്ചുറോപ്പതിയുടെ പാഠങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ പദ്ധതിയില്‍ എല്ലാവരും പങ്കുചേരണമെന്ന് മന്ത്രി അഭ്യർഥിച്ചു.

ആരോഗ്യപരമായി ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ യോഗക്കും നാച്ചുറോപ്പതിക്കും വളരെയേറെ പ്രസക്‌തിയുണ്ട്. യോഗ നാച്ചുറോപ്പതി വിഭാഗത്തിലെ ഡോക്‌ടര്‍മാരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബില്‍ വഴി ശാശ്വതവും, ഉചിതമായ പരിഹാരം നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. യോഗയുടെയും നാച്ചുറോപ്പതിയുടെയും ഗുണവശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

നാഷണല്‍ ആയുഷ് മിഷന്‍ വഴിയുള്ള ഡോക്‌ടര്‍മാര്‍, ആയുഷ് വെല്‍നെസ് കേന്ദ്രങ്ങള്‍, ആയുഷ് ഗ്രാമം പദ്ധതി, ജില്ലാ ആയുര്‍വേദ ആശുപത്രികളില്‍ നാച്ചുറോപ്പതി യോഗ ഡോക്‌ടര്‍മാര്‍, സമ്പൂര്‍ണ യോഗ ഗ്രാമം പദ്ധതി, ഹോമിയോപ്പതി വിഭാഗത്തിലെ ആയുഷ്‌മാന്‍ ഭവ പദ്ധതി അങ്ങനെ ധാരാളം പദ്ധതികളും മാര്‍ഗങ്ങളും വഴി യോഗ നാച്ചുറോപ്പതി സേവനം സാധാരണക്കാര്‍ക്ക് എത്തിക്കുവാനുള്ള നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് ഡയറക്‌ടര്‍ ഡോ. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎസ്എം ഡയറക്‌ടര്‍ ഡോ. കെഎസ് പ്രിയ, ഹോമിയോപ്പതി ഡയറക്‌ടര്‍ ഡോ. വിജയാംബിക, പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സജി, ഡോ. ജയനാരായണന്‍, ഇനിഗ്‌മ സെക്രട്ടറി ഡോ. പ്രദീപ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.