ജയ് ഭീമിന് അഭിനന്ദനം; മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടൻ സൂര്യ

0
79

ജയ് ഭീം സിനിമ കണ്ടതിനു ശേഷം മന്ത്രി പിഎ മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്ത അഭിനന്ദനത്തിന് നന്ദി അറിയിച്ച് നടൻ സൂര്യ. ശക്തമായ അവതരണം, കൃത്യമായ രാഷ്ട്രീയ പ്രസ്താവന, അഭിനന്ദനങ്ങൾ എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനു മറുപടി ആയാണ് സൂര്യ നന്ദി അറിയിച്ചത്. ഫേസ്ബുക്കിലും സിനിമയെ അഭിനന്ദിച്ച് മന്ത്രി പോസ്റ്റ് ചെയ്തിരുന്നു.

മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ ഒരുക്കിയ ചിത്രമാണ് ‘ജയ് ഭീം’. 1990ലെ രാജകണ്ണു കസ്റ്റഡി മരണമാണ് കഥാതന്തു. സൂര്യ നായകനായ ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

നിരവധി സാമൂഹ്യമാറ്റങ്ങൾക്ക് കൂടി ചിത്രം കാരണമായി. ഇപ്പോൾ നടൻ സൂര്യ തന്നെ യഥാർത്ഥ ‘സെങ്കനി’ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.

സെങ്കനി എന്ന കഥാപാത്രത്തിലൂടെ പാർവതി അമ്മാളിന്റെ ജീവിതമാണ് സിനിമ അവതരിപ്പിച്ചത്. അമ്മാളിന്റെ പേരിൽ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കിൽ നിക്ഷേപിച്ചത്. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്കും ലഭിക്കും.

ദിവസക്കൂലിയിൽ ഉപജീവനം നടത്തുന്ന പാർവതിക്ക് ധനസഹായം നൽകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ സൂര്യയോട് അഭ്യർത്ഥിച്ചിരുന്നു. താൻ 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുമെന്നും പാർവതിക്ക് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊച്ചുകൂരയിൽ മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്.

നവംബർ 2 നാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. 2ഡി എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ സൂര്യ തന്നെയാണ് നിർമ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.