കിഫ്‌ബിയെ തകർക്കാൻ സാഡിസ്‌റ്റ്‌ മനോഭാവക്കാർ: മുഖ്യമന്ത്രി പിണറായി വിജയൻ

0
46

സാഡിസ്‌റ്റ്‌ മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്നുള്ള നിലയിൽനിന്ന്‌ ഒട്ടും മുന്നോട്ട്‌ പോകരുതെന്നാണ്‌ ഇക്കൂട്ടരുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാ‌ജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലര്‍ കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ശ്രമിക്കുന്നത്. ഒരല്‍പം പിറകോട്ട് പോയാല്‍ അവര്‍ക്കത്രയും സന്തോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമാണെന്ന് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപികരിച്ച കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ലെന്നും കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം സി.എ.ജി തള്ളിയിരുന്നു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോര്‍ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവെന്നും സര്‍ക്കാരിന്റെ സാമ്പത്തിക രേഖകള്‍ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല രീതിയിൽ സാർവത്രിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞതും നവോത്ഥാന മുന്നേറ്റവും നടന്നെത്താവുന്ന ദുരത്ത് വിദ്യാലയങ്ങളുള്ളതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപ്പോലും കുട്ടികൾക്കു പ്രവേശനം ലഭിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതുമെല്ലാമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്നു കേരളം രാജ്യത്തുതന്നെ മുൻപന്തിയിലെത്തി നിൽക്കാനുള്ള പ്രധാന ഘടകങ്ങൾ. ഏതു പാവപ്പെട്ട കുടുംബത്തിലേയും കുട്ടിക്ക് ആഗ്രഹിക്കുന്നിടംവരെ പഠിച്ച് ഉയരാനുള്ള സാഹചര്യം കേരളത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളർച്ചയിൽ കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളർന്നുവന്നു. ഇതു പൊതുവിദ്യാഭ്യസ രംഗത്തിനു വലിയ ഉലച്ചിലേൽപ്പിച്ചു. ഈ തകർച്ച എങ്ങനെ പരിഹരിക്കാമെന്നു കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ഗൗരവമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമായി അഭിമാനിക്കാനാകുംവിധം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണം.

ഉന്നത വിദ്യാഭ്യസ മേഖല ശക്തിപ്പെടുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് അതിന്റെ യശസ് വർധിക്കുമ്പോഴാണ്. നല്ല രീതിയിൽ സമൂഹം അംഗീകരക്കുന്ന ഫാക്കൽടി വേണം, മികച്ച പശ്ചാത്തല സൗകര്യമുണ്ടാകണം. ലൈബ്രറി, ലാബ്, ഹോസ്റ്റലുകൾ, മറ്റു സൗകര്യങ്ങൾ തുടങ്ങിയവ സൃഷ്ടിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.