മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണമുണ്ടെന്ന പേരിൽ ഒരു വ്യക്തി മദ്യലഹരിയിൽ ആണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയിൽ ആയിരുന്നു എന്നാരോപിച്ചെടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
ലഹരിയുടെ സ്വാധീനത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് ലഹളയുണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്ന് കോടതി വ്യക്തമാക്കി. വില്ലേജ് അസിസ്റ്റന്റ് ആയ കൊല്ലം സ്വദേശി സലിം കുമാറാണ് കേസ് റദ്ദാക്കാൻ കോടതിയിലെത്തിയത്.
2013 ഫെബ്രുവരി 26ന് ഒരു പ്രതിയെ തിരിച്ചറിയാൻ സലീംകുമാറിനെ ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അപരിചതനായ പ്രതിയെ തിരിച്ചറിയാൻ ഹർജിക്കാരന് സാധിച്ചില്ല. തുടർന്ന് പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് പരാതി.