പത്തനംതിട്ട ഡിസിസി ഓഫീസിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗത്തില്‍ നേതാക്കള്‍ തമ്മിലടിച്ചു; തുടർന്ന് അസഭ്യ വിളിയും വസ്ത്രം വലിച്ചു കീറുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ജില്ലാ കോ ഓർഡിനേറ്റർ സലിം പി ചാക്കോയെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്‌തു.
ഡിസിസി വൈസ് പ്രസിഡന്റ് അനിൽ പി തോമസും സലിം പി ചാക്കോയും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളിയുള്‍പ്പെടെ നടന്നത്. കൂടലിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്‌പശാലയ്ക്ക് തീയതി നിശ്ചയിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മണ്ഡലം പ്രസിഡന്റ് എസ് ബി സാജൻ തീയതി തീരുമാനിച്ചെങ്കിലും മണ്ഡലത്തിന്റെ ചുമതലയുള്ള അനിൽ പി തോമസ് അത് സമ്മതിച്ചില്ല. തുടർന്ന് സാജനും അനിലും തമ്മിൽ വാക്കേറ്റമായി. അതിനു ശേഷം സലിം പി ചാക്കോയും അനിൽ തോമസുമായി വാക്കേറ്റം.
പാർടികൾ പലതും മാറി വന്ന സലീം കുറെ കാലങ്ങളായി കോൺഗ്രസ് നേതാക്കന്മാരെ ഭരിക്കാൻ വരികയാണെന്നും ഇത് സമ്മതിച്ചു കൊടുക്കില്ലെന്നും അനിൽ പറഞ്ഞു. തുടർന്നാണ് ഷർട്ട് വലിച്ചുകീറിയത്. ഡിസിസി ഭാരവാഹിയെ അസഭ്യം വിളിച്ചത് അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തുടർന്നാണ് സലീമിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ പുറത്താക്കാനാണ് തീരുമാനം. ഇതിനിടെ സ്ഥാനം രാജിവച്ചതായി സലിം പി ചാക്കോ പറഞ്ഞു. പുതിയ ഡിസിസി അധ്യക്ഷന്‍ ചുമതലയെടുത്തതു മുതല്‍ കോണ്‍ഗ്രസ് യോഗങ്ങളില്‍ ഇത്തരത്തില്‍ ബഹളം പതിവാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഡിസിസിയുമായി നിസ്സഹകരിച്ചു മാറി നില്‍ക്കുകയുമാണ്.