മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്

0
71

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയർന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവിൽ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാം എന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിരുന്നു. എന്നാൽ ജലനിപ്പ് ഇപ്പോഴും ഉയരുന്ന സാഹചര്യമാണുള്ളത്. നിലവിൽ 2399.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേരീതിയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ രണ്ടു ഷട്ടറുകളും ഉയർത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
നിലവിൽ ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുന്നത്.