പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ആസ്ത്രലിയ: യുദ്ധം ചെയ്ത് ബോറടിച്ചപ്പോൾ പാണ്ഡവർ കപ്പലണ്ടി കൊറിച്ച സ്ഥലം കൊറിയ: അപ്പൊ മലേഷ്യയോ ? രവിശങ്കർ എയറിൽ തന്നെ!!!

0
96

പാണ്ഡവർ തങ്ങളുടെ കാലത്ത് ശക്തമായ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ആസ്ത്രലിയ എന്ന ആർട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ ട്രോേളിക്കൊന്ന് സോഷ്യൽ മീഡിയ. ഭക്തൻമാരിൽ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രവിശങ്കർ ഇക്കാര്യം പറഞ്ഞത്,

പാണ്ഡവർ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രം, പശുപതാസ്ത്രം തുടങ്ങിയവ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭക്തന്റെ ചോദ്യം. ഇതിനുത്തരമായാണ് രവിശങ്കർ ഇക്കാര്യം പറഞ്ഞെത്. ആസ്‌ത്രേലിയയിലായിരുന്നു പാണ്ഡവന്മാർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ ഉത്തരം. ‘നമ്മുടെ മഹാഭാരതത്തിൽ അതിനെ അസ്ത്രാലയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് പിന്നീട് ആസ്‌ത്രേലിയ ആയി മാറിയത്,’ അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് ട്രോളൻമാർ രവിശങ്കറിനെ എയറിൽ കയറ്റിയത്. ഇതോടെ ഓരോ രാജ്യങ്ങൾക്കും ‘പൗരാണികമായ’ പല പല നിർവചനങ്ങളാണ് ട്രോളൻമാർ നൽകുന്നത്. യുദ്ധം ചെയ്ത് ബോറടിച്ചപ്പോൾ പാണ്ഡവർ കപ്പലണ്ടി കൊറിച്ച സ്ഥലാണ് കൊറിയ എന്നും, പകിട കളിയിൽ ശകുനി പാണ്ഡവൻമാർക്ക് ചെക്ക് പറഞ്ഞ സ്ഥലമാണ് ചെക്ക് റിപ്പബ്ലിക്കെന്നും ട്രോളൻമാർ പറയുന്നു.

യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാർ സ്ലോ മോഷനിൽ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം ‘സ്ലോവാക്കിയ’. ദ്രോണർ ഏകലവ്യനോട് ”ദക്ഷിണ താ ഫ്രീക്കാ” എന്ന് പറഞ്ഞ സ്ഥലം, ‘ദക്ഷിണാഫ്രിക്ക’. യുദ്ധത്തിന്റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാൽ ഞങ്ങൾ ജയിക്കും എന്ന് വീമ്പുപറഞ്ഞ ദുര്യോധനനോട് നമുക്ക് ”കാണാടാ” എന്ന് ഭീമൻ പറഞ്ഞ സ്ഥലം ‘കാനഡ’ തുടങ്ങിയവയാണ് ഏറെ ചിരിയുണർത്തുന്ന രാജ്യങ്ങളുടെ പേര് വന്ന വഴികൾ.

കേരളത്തിലെ പ്രസിദ്ധമായ ‘എടപ്പാളോട്ട’ത്തേയും ട്രോളൻമാർ ഒരു രാജ്യവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാണ്ഡവരുടെ കാലത്തെ മിത്രങ്ങൾ എടപ്പാളുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച നാട്, ”നോ എടപ്പാൾ” ആണ് കാലാന്തരത്തിൽ നേപ്പാൾ ആയതെന്നാണ് ട്രോളൻമാരുടെ നിർവചനം.

ഇതാദ്യമായല്ല രവിശങ്കർ ഇത്തരം പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. കർഷക ആത്മഹത്യകൾക്ക് കരണം ആത്മീയതയുടെ അഭാവമാണെന്നും, ആത്മീയതയ്ക്കായി യോഗ ശീലിക്കണമെന്ന രവിശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.