കനത്ത മഴ, കന്യാകുമാരി – തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി, കൺട്രോൾ റൂം തുറന്നു

0
69

കനത്ത മഴയിൽ (heavy rain) തിരുവനന്തപുരത്ത് വൻ നാശനഷ്ടം. തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ (train) ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. വിഴിഞ്ഞത്ത് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു.

ഇന്നലെ രാത്രി മുതൽ പെയത് ശക്തമായ മഴയാണ് വലിയ ദുരിതം വിതച്ചത്. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ റയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്. പാറശ്ശാലയിലും ഇരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നാഗർകോവിൽ-കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. നാഗർ കോവിൽ- കോട്ടയം പാസഞ്ചറും നാളെ പുറപ്പെടേണ്ട ചെന്നെ- എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്സും പൂർണ്ണമായും റദ്ദാക്കി. ഐലൻഡ് എക്സപ്രസ്സും അനന്തപുരിയും അടക്കം പത്ത് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. മണ്ണ് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി നാഗർകോവിലിൽ നിന്ന് പുറപ്പെടും.

കന്യാകുമാരി – തിരുവനന്തപുരം റൂട്ടിൽ പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1. 16366 – നാഗർകോവിൽ – കോട്ടയം പാസഞ്ചർ (13/11/21)

2. 16127 – ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (14/11/21)

ഭാഗികമായി റദ്ദാക്കിയത്

1. 16525 – കന്യാകുമാരി -ബെംഗളുരു ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും.

2. 16723 – ചെന്നൈ എഗ്മോർ – കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്.

3. 22627 – തിരുച്ചി – തിരുവനന്തപുരം ഇൻറർസിറ്റി നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്.

4. 16128 – ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിക്കും.

5. 16650 – നാഗർകോവിൽ – മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും.

6. 12666 – കന്യാകുമാരി – ഹൗറ പ്രതിവാര തീവണ്ടി നാഗർകോവിലിൽ നിന്ന്.

7. 12633 – ചെന്നൈ എഗ്മോർ – കന്യാകുമാരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം

മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിൽ ശക്തമായ മഴ പെയ്യുകയാണ്. കോവളം വാഴമുട്ടത്ത് വീടുകൾക്ക് സമീപം മണ്ണിടിഞ്ഞു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 220 സെ.മീറ്ററും, നെയ്യാർ ഡാമിന്രെ ഷട്ടറുകൾ 60 സെന്റിമീറ്ററും, പേപ്പാറ ഡാം ഷട്ടറുകൾ 80 സെ.മീ ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം നഗരസഭ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭാ ഹെൽത്ത്, എൻജിനിയറിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൻറെ സേവനം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 0471 2377702, 04712377706