കോട്ടയ്ക്കൽ ശാസ്താംപാറയിൽ ഉരുൾപൊട്ടൽ; അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
76

രാവിലെ 8.30ഓടെയാണ് ശാസ്താംപാറയുടെ അടിഭാഗത്ത് ഉരുൾപൊട്ടലുണ്ടായത്. വെള്ളത്തോടൊപ്പം കല്ലും മണ്ണും കുത്തിയൊലിച്ച് വന്നതോടെ ഒരു ഏക്കറോളം വരുന്ന കുന്നിൻപ്രദേശത്തെ മണ്ണ് ഒലിച്ചുപോയി. പ്രദേശം ഇപ്പോഴും അപകട ഭീഷണിയിലാണെന്നാണ് വിലയിരുത്തൽ. മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ആനാവൂർ ഹൈസ്കൂളിലാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.

പ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർക്ക് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് നൽകി. നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ,​ ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജേക്കബ് ജോൺ, നെയ്യാറ്റിൻകര തഹസിൽദാർ കെ. മുരളീധരൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സൗകര്യങ്ങളൊരുക്കാൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയതായി തഹസിൽദാർ അറിയിച്ചു.