നോറോവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

0
59

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.വ്യാപനത്തോത് കൂടിയ നോറോവൈറസ് ബാധ കൂടി കൊവിഡ് മഹാമാരിക്കാലത്ത് കണ്ടെത്തിയതോടെ, വയനാട്ടിൽ ആരോഗ്യസംവിധാനങ്ങൾ മൊത്തത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. നോറോ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി.വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.പൂക്കോട് വെറ്ററിനറി കോളേജിലെ കുടിവെള്ളസ്രോതസ്സ് മലിനമാക്കപ്പെട്ടതാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർഥികൾക്കായി ഭക്ഷണം പാകംചെയ്യുന്നതിൽ ശ്രദ്ധ വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാചകത്തൊഴിലാളികളും ജാഗ്രത പുലർത്തണം.