ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് വനിത പൊലീസ് ഇൻസ്‌പെക്ടർ

0
63

തമിഴ്‌നാട്ടില്‍ പരക്കെ മഴയും കാറ്റും തുടരുകയാണ്. ഇതിനിടെ ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടിൽ പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് രക്ഷപ്പെടുത്തുന്ന വനിത ഇൻസ്‌പെക്ടറുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വനിത ഇൻസപെക്ടറായ രാജേശ്വരിയാണ് വെള്ളക്കെട്ടിൽ പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന ശേഷം ഓട്ടോയിൽ കയറ്റിവിടുന്നത്.

ഇൻസ്‌പെക്ടർ രാജേശ്വരിയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ച് ധാരാളം ആളുകൾ രംഗത്തെത്തി. ദൃശ്യങ്ങൾ വൈറലായതോടെ ഇൻസ്‌പെക്ടർക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. പ്രകൃതി ദുരന്ത വേളകളിലെല്ലാം രക്ഷാസേനയോടൊപ്പം പ്രവൃത്തിക്കുന്ന ഊര്‍ജ്വസ്വലയായ ഉദ്യോഗസ്ഥയാണ് രാജേശ്വരി.

തമിഴ്നാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. 14 പേർക്കാണ് ഇതിനോടകം മഴക്കെടുതികളില്‍ ജീവൻ നഷ്ടമായത്. ചെന്നൈ അടക്കം എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.