കൊല്ലം നെടുവത്തൂരിൽ അമ്മയും രണ്ടു മക്കളും വെട്ടേറ്റും ഗൃഹനാഥൻ തൂങ്ങിയും മരിച്ച നിലയിൽ. നീലേശ്വരം കത്തോലിക്ക പള്ളിക്കു സമീപം പൂജപ്പുര വീട്ടിൽ എസ് രാജേന്ദ്രൻ (55), ഭാര്യ അനിത (45), മക്കൾ ആദിത്ത് രാജ് (24), അമൃതരാജ് (20) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം രാജേന്ദ്രൻ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിനുള്ളിൽ തിങ്കൾ പകൽ 11നാണ് മൃതദേഹങ്ങൾ കണ്ടത്. ആദിത്ത് രാജിന്റെ മൃതദേഹം വീടിന്റെ ഹാളിലും അമൃതയുടേത് കിടപ്പുമുറിയിലെ കട്ടിലിലും അനിതയുടേത് നിലത്തുമാണുണ്ടായിരുന്നത്. രാജേന്ദ്രനെ, ആദിത്ത് രാജിന്റെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. അമ്മയുടെയും മക്കളുടെയും കഴുത്തിൽ ആഴത്തിൽ വെട്ടേറ്റിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കൊടുവാൾ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഞായർ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
മൃതദേഹങ്ങൾ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓട്ടോ ഡ്രൈവറായ രാജേന്ദ്രൻ ഞായറാഴ്ച ഓട്ടോ അപകടകരമായി ഓടിച്ചതും പറഞ്ഞ സ്ഥലത്ത് യാത്രക്കാരെ എത്തിക്കാതിരുന്നതും തർക്കത്തിനിടയാക്കിയിരുന്നു. നേരത്തെ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടിയിട്ടുണ്ട്. മുമ്പ് വിദേശത്തായിരുന്നു. വീട് നിർമിച്ചതിൽ സാമ്പത്തിക ബാധ്യത ഉള്ളതായും പറയുന്നു.