മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അൻജന ഷാജനും ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മുന്നുപേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്.
കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് രാവേറെ നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയതാണ്. എന്നാൽ ഈ ഡിജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായില്ല.
ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലാണ് ഇവർ അപകടത്തിൽ പെട്ടത്. ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസിൽ തിങ്കളാഴ്‌ച കാർ ഓടിച്ചയാളെ അറസ്റ്റ് ചെയ്‌തിരുന്നു. മാള സ്വദേശി അബ്ദുൾ റഹ്‌മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ മദ്യലഹരിയിലായിരുന്നു വാഹനം ഒടിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്‌ച രാത്രിയുമാണ് മരിച്ചത്.