സിനിമാക്കാരോടുള്ള കലി അടങ്ങാനത്തെ യൂത്ത് കോൺഗ്രസ്: “കീടം” ലൊക്കേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്

0
127

സിനിമാ ചിത്രീകരണങ്ങള്‍ തടസ്സപ്പെടുത്തി വീണ്ടും യൂത്ത് കോണ്‍ഗ്രസ്. ശ്രീനിവാസന്‍ നായകനാകുന്ന ‘കീടം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കോലഞ്ചേരി പുത്തന്‍കുരിശ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ഷൂട്ടിങ് സെറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു.

എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗെസ്റ്റ് ഹൗസിലായിരുന്നു ശ്രീനിവാസന്‍ നായകനായ സിനിമയുടെ ചിത്രീകരണം. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. ശ്രീനിവാസന് പുറമേ ചിത്രത്തില്‍ വിജയ് ബാബു, രജിഷ വിജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാഹുല്‍ റിജി നായര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

റോഡില്‍ ഷൂട്ടിങ് നടത്തിയെന്നും, സര്‍ക്കാര്‍ റെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ നടന്‍ ജോജു ജോര്‍ജിനെതിരെയായിരുന്നു മുദ്രാവാക്യങ്ങള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു പ്രതികരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്‌തു. ജോജു നല്‍കിയ പരാതിയില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. ഇതോടെയാണ് സിനിമാ ചിത്രീകരണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തിരിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസും പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയുടെ സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. കോട്ടയം പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടയുകയും ചെയ്തു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.