ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് വിയറ്റ്‌നാം പ്രതിനിധി

0
96

ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം, വെള്ളയമ്പലം സി.എഫ്.എല്‍.ടി.സി. എന്നിവ സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധി മന്ത്രിയുടെ ചേംബറിലെത്തിയത്. മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രവും സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗം, കോവിഡ് പ്രതിരോധം എന്നിവ നേരില്‍ കണ്ട് മനസിലാക്കുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

കേരളം നടത്തുന്ന മികച്ച കോവിഡ് പ്രതിരോധത്തെ ഫന്‍ തങ് തുങ് അഭിനന്ദിച്ചു. നോണ്‍ കോവിഡ് ചികിത്സയ്ക്കും കേരളം വലിയ പ്രധാന്യമാണ് നല്‍കുന്നത്. ആശുപത്രികളിലേയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേയും മികച്ച സൗകര്യങ്ങള്‍ വിവരിച്ചു. വാക്‌സിനേഷനില്‍ കേരളം കൈവരിച്ച മികച്ച നേട്ടത്തെ ഫന്‍ തങ് തുങ് പ്രകീര്‍ത്തിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.