കയ്യടിക്കാം ഈ മാതൃകയിക്ക്: റോഡും പരിസരവും വൃത്തിയാക്കി യുവാക്കൾ

0
65

നിരവധി അപകടങ്ങൾക്ക് ഇടയാക്കിയ റോഡരികിലെ കാടും മരങ്ങളും പടലവും വെട്ടിമാറ്റണമെന്ന അഭ്യർത്ഥന ആരും ഗൗനിക്കാതായതോടെ ശ്രമം സ്വയം ഏറ്റടുത്ത് യുവാക്കൾ. 12 മണിക്കൂർ നീണ്ട ശ്രമദാനം പൂർത്തിയായപ്പോൾ മുഗുറോഡ് മുതൽ സീതാംഗോളി വരെ റോഡ് ക്ലീൻ ആയി. മുഗുറോഡ് ചാലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ആണ് ശ്രമദാനമായി റോഡും പരിസരവും വൃത്തിയാക്കിയത്. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുമണി വരെ 12 മണിക്കൂർ നേരമാണ് ചാലഞ്ച് ക്ലബ് പ്രവർത്തകർ റോഡരികിലെ മരങ്ങളും കാടും മറ്റും വെട്ടിമാറ്റി വൃത്തിയാക്കിയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് അപകടമാണ് മുഗുറോഡിൽ നടന്നത്. കാടും മരങ്ങളും വളർന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിനുപുറമെയാണ് ഈ കാടിനകത്തത് മാലിന്യം നിക്ഷേപിക്കുന്നത്. മൂന്ന് ദിവസം മുമ്പ് മുഗുറോഡിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചതോടെ റോഡും പരിസരവും വൃത്തിയാക്കാനുള്ള പരിശ്രമം ചാലഞ്ച് ക്ലബ് പ്രവർത്തകർ സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി ക്ലബ് പ്രവർത്തകർ ഞായറാഴ്ച രാവിലെ മുതൽ പ്രവൃത്തി തുടങ്ങി. ഇതിനിടയിലാണ് മുഖരിക്കണ്ടം സ്റ്റോപ്പിൽ ഒരു ഭാഗം തകർന്ന കൾവർട്ടും പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുന്നത്. ഒന്നര വർഷം മുമ്പ് കോഴി കൊണ്ടുപോകുന്ന വാഹനം ഇടിച്ചുമറിഞ്ഞതിനെ തുടർന്നാണ് കൾവർട്ട് ഒരു ഭാഗം തകർന്നത്. ഇവിടെ അപകട സൂചന ബോർഡ് അടുത്ത ദിവസം സ്ഥാപിക്കും. ഫണ്ടില്ല എന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞത്. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുഗുറോഡ് മുതൽ സീതാംഗോളി വരെ റോഡിന്റെ ഇരു വശത്തെയും കാടുകൾ വെട്ടിമാറ്റി വൃത്തിയാക്കി.

ശ്രമദാന പ്രവർത്തനങ്ങൾക്ക് ഹാരിസ് മുഗുറോഡ്, ശാഹുൽ ഹമീദ്, മുനീർ, ഷംസീർ, കബീർ, ഷാബി, സലിം, ജലിൽ, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.