കൈനകരി ജയേഷ് വധക്കേസ്: കോടതിക്കുളിലും പ്രതികളുടെ കൊലവിളിയും അസഭ്യവര്‍ഷവും

0
108

കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. ശിക്ഷാവിധിയ്ക്ക് പിന്നാലെ കോടതിയിലും പുറത്തും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. വിധിപ്രസ്താവം കേട്ട പ്രതികള്‍ പ്രോസിക്യൂഷന് നേരേ വധഭീഷണി മുഴക്കി.

പൊലീസുകാരെയും പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയാണ് പ്രതികളെ കനത്ത സുരക്ഷയില്‍ പുറത്തേക്ക് കൊണ്ടുപോയത്. പൊലീസ് വാഹനത്തില്‍ കയറുന്നതിന് മുമ്പും പ്രതികള്‍ അസഭ്യവര്‍ഷം നടത്തി. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴായിരുന്നു പ്രതികളുടെ അസഭ്യവര്‍ഷം.

ഇതിനിടെ, നല്ല ചിത്രങ്ങള്‍ എടുക്കണമെന്ന് പ്രതികളിലൊരാള്‍ വിളിച്ചുപറയുകയും ചെയ്തു.കോടതി വിധിയ്ക്ക് ശേഷം പുറത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസ് ലാത്തിവീശിയാണ് ഇവരെ ഓടിച്ചത്. കോടതിയ്ക്ക് അകത്തുകയറിയ രണ്ടു പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. അണ്ണാച്ചി ഫൈസല്‍, ജീജു എന്നിവരയാണ് കരുതല്‍ തടങ്കലിലാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി ജയേഷ് വധക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ് കേസിന്റെ വിചാരണയ്ക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു.2014 മാര്‍ച്ച് 28-നു രാത്രിയിലാണ് ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്ന് കൈനകരി ജയേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.