യു.പിയിൽ യോഗിക്കെതിരെ ചന്ദ്രശേഖർ ആസാദ് മത്സരിക്കും

0
94

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ്. എൻ.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗി ആദിത്യനാഥിന്റെ പരാജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.

‘മോദിയ്‌ക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ എനിക്കൊരു രാഷ്ട്രീയപാർട്ടി ഇല്ലായിരുന്നു. ബി.എസ്.പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണ് നല്ലതെന്ന് മായാവതി എന്നോട് പറഞ്ഞു. ഇതായിരുന്നു ഞാൻ പിന്മാറാൻ കാരണം, ‘ ആസാദ് പറഞ്ഞു. എന്നാൽ ഇപ്പോൾ തനിക്ക് ആസാദ് സമാജ് പാർട്ടിയെന്ന സംഘടനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മുസ്‌ലിം, ദളിത് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ഏതെങ്കിലും മണ്ഡലത്തിൽ ജയിക്കുകയെന്നതല്ല പ്രധാനമെന്നും യോഗി ആദിത്യനാഥ് പരാജയപ്പെടുത്തുകയാണ് പ്രധാനമെന്നും ആസാദ് കൂട്ടിച്ചേർത്തു.