ജോജുവിന്റെ കാർ തകർത്ത കേസിൽ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകൻകൂടി അറസ്‌റ്റിൽ

0
109

കൊച്ചി > നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒരു കോൺഗ്രസ്‌ പ്രവർത്തകൻകൂടി അറസ്റ്റിലായി. തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി ജെ ജോസഫ് അറസ്റ്റിലായിരുന്നു. തനിക്കെതിരെ കോൺഗ്രസ് നൽകിയ കേസുകൾ പിൻവലിച്ചാലും പരസ്യമായി ഖേദപ്രകടനം നടത്താതെ പ്രശ്‌നം തീരില്ലെന്ന നിലപാടിൽ ജോജു ഉറച്ചുനിൽക്കുകയാണ്‌. ജോജുവിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിക്കാതെ, അച്ചടിഭാഷയിൽ പ്രസ്‌താവന നടത്തി ചുളുവിൽ തലയൂരാനായിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ ശ്രമം.

ജോജുവിനെ നിയമപരമായി നേരിടുമെന്നും വേണ്ടിവന്നാൽ ജയിലിൽ പോകുമെന്നുമൊക്കെയാണ്‌ തുടക്കത്തിൽ ഡിസിസി നേതൃത്വം പറഞ്ഞത്‌. ജോജു മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്നും സ്‌ത്രീകളെ അപമാനിച്ചെന്നുമുള്ള ആരോപണത്തിനു പിന്നാലെയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻമുതൽ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസുവരെയുള്ളവർ ഇങ്ങനെ പറഞ്ഞത്‌. ജോജുവിന്റെ മറ്റൊരു കാറിന്റെ രജിസ്‌ട്രേഷൻ ഹരിയാനയിലാണെന്നും അതിസുരക്ഷാ നമ്പർപ്ലേറ്റ്‌ മാറ്റിയെന്നും പറഞ്ഞ്‌ മറ്റുചില കേസുകളും കോൺഗ്രസ്‌ ഇതിനിടെ നൽകി.

ഉപരോധസമരത്തിനിടെ പ്രതിഷേധിച്ചപ്പോൾ ജോജു മാസ്‌ക്‌ വച്ചില്ലെന്ന മറ്റൊരു പരാതിയും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. കേസ്‌ നൽകി സമ്മർദത്തിലാക്കലായിരുന്നു ലക്ഷ്യം. എന്നാൽ ജോജു നൽകിയ പരാതിയിൽ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞതോടെ കോൺഗ്രസ്‌ നേതൃത്വം ചുവടുമാറ്റി. ജോജുവിന്റെ അഭിഭാഷകനുമായും സുഹൃത്തുക്കളുമായി ഒത്തുതീർപ്പിന്‌ ഡിസിസി മുന്നിട്ടിറങ്ങി. പ്രതിപക്ഷനേതാവ്‌ വി ഡി സതീശനായിരുന്നു മുൻകൈയെടുത്തത്‌.