ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനം: നവവരനെ ആക്രമിച്ച പ്രതി കുറ്റം സമ്മതിച്ചു

0
56

തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ്‌ ജോര്‍ജ്‌ കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ് മൊഴി നൽകി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് ഇന്നലെയാണ് ഡാനിഷ്‌ പിടിയിലായത്‌. മതംമാറാന്‍ വിസമ്മതിച്ച നവവരനെ വധുവിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദിച്ചത്. വധുവിന്റെ മതമായ ക്രൈസ്ത വിഭാഗത്തിലേക്ക് മാറണമെന്ന ആവശ്യം നിരസിച്ചതാണ് കാരണം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. തലക്കടക്കം പരുക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

വീട്ടുകാരുടെ സമ്മതമില്ലാതെ ബോണക്കാട്ടെ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവാഹം നടത്തി നല്‍കാമെന്ന് പറഞ്ഞ് ദീപ്തിയുടെ വീട്ടുകാര്‍ ഇരുവരെയും ചിറയിന്‍കീഴിലേക്ക് വിളിച്ചുവരുത്തി. എന്നാൽ മതംമാറാന്‍ ദീപ്തിയും മിഥുനും എതിര്‍ത്തതോടെ പള്ളിയിലെ ചര്‍ച്ച അവസാനിച്ചു. പിന്നീട് അമ്മയെ കാണാന്‍ വീട്ടിലേക്ക് വിളിച്ചിട്ട് വഴിയിലിട്ട് ദീപ്തിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന ക്രൂരമായി മര്‍ദിച്ചു.

വിഡിയോ പുറത്തുവന്നതോടെ ഒളിവില്‍പോയ പ്രതിക്കായി പൊലീസ്‌ വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഡാനിഷിന്റെ ഫോണ്‍ സിഗ്നല്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ റൂറല്‍ എസ്‌.പിയുടെ നേതൃത്വത്തില്‍ അന്വേഷണം അവിടേയ്‌ക്ക്‌ വ്യാപിപ്പിക്കുകയായിരുന്നു.