ആർ ശങ്കരനാരായണൻ തമ്പി 32-ാം ചരമവാർഷിക ദിന അനുസ്മരണം സംഘടിപ്പിച്ചു ; സ്പീക്കർ എം ബി രാജേഷ് ഉത്ഘാടനം ചെയ്തു

0
77

ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ശ്രീ ആർ ശങ്കരനാരായണൻ തമ്പിയെന്ന് സ്പീക്കർ എം ബി രാജേഷ്. ആർ ശങ്കരനാരായണൻ തമ്പിയെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ഒരു ആമുഖവും ആവശ്യമില്ലാത്ത ഉജ്ജ്വലമായ, ത്യാഗസുരഭിലമായ ഒരു ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ധീരനായ സ്വാതന്ത്രസമരസേനാനി, ഉശിരനായ കമ്മ്യൂണിസ്റ്റ്, ശ്രീമൂലം അസ്സംബ്ലിയിലും, തിരു കൊച്ചി അസ്സംബ്ലിയിലും പ്രവർത്തിച്ച ശേഷം കേരള നിയമസഭയുടെ പ്രഥമ സ്പീക്കർ എന്നീ നിലകളിലെല്ലാം തന്നെ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ശ്രീ ആർ ശങ്കരനാരായണൻ തമ്പി. സർ സിപിക്കും, ബ്രിട്ടീഷ് അധിനിവേശത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തിയ സംഘാടകൻ. അതിനു ശേഷമാണ് അദ്ദേഹം കേരള നിയമസഭയുടെ പ്രഥമ സ്പീക്കർ എന്ന തികച്ചും വ്യത്യസ്തമായ ഒരു പദവി കൈകാര്യം ചെയ്യുന്നത്. ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും വേണ്ടി ഒരുപോലെ പ്രവർത്തിക്കുന്ന സ്പീക്കർ ആയി കടമകൾ നിർവഹിക്കാൻ സാധിച്ച അസാമാന്യ രാഷ്ട്രീയ ബോധമുള്ള, പ്രത്യയശാസ്ത്ര ബോധമുള്ള വ്യക്തി കൂടി ആണ് ശ്രീ ആർ ശങ്കരനാരായണൻ തമ്പി എന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയുo, കേരള നിയമസഭയുടെ പ്രഥമ സ്പീക്കറുo ആയിരുന്ന ആർ  ശങ്കരനാരായണൻ തമ്പിയുടെ 32-ാംചരമവാർഷികദിന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കേരള നിയമസഭയുടെ സ്പീക്കർ എം ബി രാജേഷ് . ആർ ശങ്കരനാരായണൻ തമ്പി അനുസ്മരണം എല്ലാ വർഷവും മികച്ച രീതിയിൽ നടത്തി വരുന്ന ഫൗണ്ടേഷൻ അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

തിരുവനന്തപുരം നഗരത്തിന്റെ കാരണവരും, മുൻ സ്റ്റേറ്റ് കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അഡ്വ. കെ.അയ്യപ്പൻപിള്ള (107 വയസ്സ്) അദ്ദേഹം ശ്രീ ശങ്കരനാരായണൻ തമ്പിയുടെ സഹപാഠിയും ദീർഘകാല സുഹൃത്തുമാണ്. ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ  അഡ്വ കെ അയ്യപ്പൻ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
“വ്യക്തിപരമായി എനിക്ക് ആർ ശങ്കരനാരായണൻ തമ്പിയുമായി കോളേജ് കാലം മുതലുള്ള ബന്ധമായിരുന്നു. ആത്മാർത്ഥ സ്നേഹിതൻ, സത്യസന്ധനായ രാഷ്ട്രീയക്കാരൻ, പ്രഗത്ഭനായ സ്പീക്കർ, പ്രശസ്തനായ വക്കീൽ എന്നിങ്ങനെ വൈവിധ്യമാർന്ന ഇടങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച തമ്പിയുമായുള്ള സൗഹൃദം തികച്ചും അഭിമാനാർഹമാണ്.” അദ്ദേഹം പറഞ്ഞു. ആർ ശങ്കര നാരായണൻ തമ്പിയുടെ രാഷ്ട്രീയ, സാമൂഹ്യ, തൊഴിൽ ഇടങ്ങളിലെ വിവിധ ഇടപെടലുകൾ അദ്ദേഹം പങ്കു വെച്ചു. ആർ ശങ്കരനാരായണൻ തമ്പി വിശിഷ്ട വ്യക്തിത്വത്തന് ഉടമയായിരുന്നു. ചെറുപ്പത്തിൽ തന്നെ സ്വതന്ത്ര സമര പോരാട്ടങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി, അതോടൊപ്പം തന്നെ മുതലാളിത്ത-ദുഷ് പ്രഭുത്വത്തിനെതിരെ ശക്തമായ ചലനങ്ങൾ ശ്രീ തമ്പിയുടെ മനസ്സിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ചു. സ്വാർത്ഥത ഒട്ടും തന്നെ ഇല്ലാത്ത അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് വേണ്ടി സദാ ശബ്ദം ഉയർത്തി.” അഡ്വ  കെ അയ്യപ്പൻ പിള്ള പറഞ്ഞു.

‘പ്രകൃതിയും ജനങ്ങളും’ എന്ന വിഷയത്തിൽ ഈ വർഷത്തെ ആർ ശങ്കരനാരായണൻ തമ്പി സ്മാരക പ്രഭാഷണം പ്രൊഫസർ കെ എൻ ഗണേഷ്  നിർവഹിച്ചു. തോപ്പിൽ ഭാസിയുടെ ഒളിവിൽ ഓർമ്മകൾ എന്ന പുസ്തകത്തിലെ ആർ ശങ്കരനാരായണ തമ്പിയെ കുറിച്ചുള്ള വിവരണങ്ങളും നിരീക്ഷണങ്ങളും അദ്ദേഹം ആമുഖത്തിൽ പങ്കു വെച്ചു. പ്രസ്തുത പുസ്തകത്തിൽ  എങ്ങനെയാണ് ഒരു പ്രത്യേക കാലഘട്ടത്തിൽ  നിരവധി വിപ്ലവകാരികൾക്കും, ദേശീയ പ്രവർത്തകർക്കുമെല്ലാം ആർ ശങ്കരനാരായണൻ തമ്പിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു തണലായി  മാറിയതെന്ന് തോപ്പിൽ ഭാസി തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ വിവരിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തോപ്പിൽ ഭാസി അടക്കമുള്ളവർ ഈ തണലിൽ അനുഭവിച്ച പരിഗണനകൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.  സ്പീക്കർ എന്ന നിലയിൽ മാത്രമല്ല സ്വന്തം സമൂഹത്തിലെ താഴെക്കിടയിലുള്ള മനുഷ്യർക്ക് വേണ്ടി ശബ്ദം ഉയർത്തിയ വ്യക്തിയായിരുന്നു ആർ ശങ്കരനാരായണൻ തമ്പി എന്ന് കെ എൻ ഗണേഷ് പറഞ്ഞു.

പ്രകൃതിയും ജനങ്ങളും സഹവസിക്കുമ്പോൾ എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് നമ്മൾ പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഭൂപരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ആദ്യ കാല സങ്കല്പങ്ങൾ നെൽവയലുകൾ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ജന്മിത്ത വ്യവസ്ഥയ്‌ക്കെതിരായിട്ടുള്ള കാലാകാലങ്ങളായി ഒരു നൂറ്റാണ്ടിനിടയിൽ ഇവിടത്തെ ജനങ്ങളുടെ  സൃഷ്ടിക്കപ്പെട്ട ചില അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ തുടർന്നുള്ള നിയമ നിർമാണമാണ് 1958 ലെ കാർഷിക ബന്ധ ബില്ല്. ഈ ബില്ല് കൊണ്ടുണ്ടായ മാറ്റങ്ങൾ അദ്ദേഹം സമഗ്രമായി വിശദീകരിച്ചു.
പരിസ്ഥിതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായി വരുന്ന പുതിയ മാനങ്ങളെ കുറിച്ച് നാം ആലോചിക്കണം. അതോടോപ്പ്പം തന്നെ ഇന്നത്തെ കാലാവസ്ഥ വ്യതിയാനത്തെ കാണിക്കിലെടുത്തു കൊണ്ടുള്ള സ്ഥലജല ആസൂത്രണത്തെ കുറിച്ചുള്ള പുതിയ രീതികളും സങ്കൽപ്പങ്ങളും അതിനോടൊപ്പം തന്നെ വളർത്തി കൊണ്ട് വരണം. എന്നാൽ ഈ രണ്ടു കാര്യങ്ങളും കൂടി കൂട്ടിക്കുഴക്കുന്ന ഒരു പ്രവണത അപകടകരമാണ്.

ദുരന്തങ്ങൾ ഒഴിവാക്കപ്പെണ്ടതാണ് മാനേജ് ചെയ്യേണ്ടതല്ല, കേരളത്തിലെ ജനങ്ങളുടെ പൂർണമായ പിന്തുണയോടെ ഉണ്ടാവേണ്ട ഒന്നാണിത്. പ്രശ്നങ്ങൾ സാങ്കേതികമായി മാത്രമല്ല രാഷ്ട്രീയമായി കൂടി പരിഹാരം കാണണം. സാമൂഹ്യവും രാഷ്ട്രീയവുമായ പരിഹാരങ്ങൾ ആണ് പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ ആവശ്യം. ശ്രീ കെ എൻ ഗണേഷ് പറഞ്ഞു.

ആർ ശങ്കരനാരായണൻ തമ്പി അനുസ്മരണ പ്രഭാഷണം  മുൻ പ്ലാനിങ് ബോർഡ് അംഗവും, പൊതുപ്രവർത്തകനായ സി പി ജോൺ നിർവഹിച്ചു. പുതിയ തലമുറയ്ക്ക് ആർ ശങ്കരനാരായണൻ തമ്പിയുടെ ജീവിതത്തിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നു അദ്ദേഹം പറഞ്ഞു. തോപ്പിൽ ഭാസിയുടെ ഒളിവിൽ ഓർമ്മകൾ അടക്കമുള്ള പുസ്തകങ്ങളിലെ വരികളും, ഉദ്ധരണികളും അദ്ദേഹം പങ്കു വെച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ  പിളർപ്പ് അദ്ദേഹത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും ശ്രീ സി പി ജോൺ വിവരിച്ചു. ആർ ശങ്കരനാരായണൻ തമ്പിയുടെ നീണ്ട രാഷ്ട്രീയ പ്രവർത്തനം വിലയിരുത്തുമ്പോൾ, സ്പീക്കർ ആയുള്ള പ്രവർത്തനം അപ്രധാനം അല്ലെങ്കിൽ പോലും, വളരെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു എന്ന് ഓർമിപ്പിക്കുകയും, രാഷ്‌ടീയപരമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പറ്റി അദ്ദേഹത്തിന്റെ സമകാലീനരിൽ നിന്നും ശ്രീ സി പി ജോൺ പങ്കു വെക്കുകയും ചെയ്തു.

കോവിഡ് സൃഷ്ട്ടിച്ച പരിമിതികൾ മൂലം സൂം ആപ്പ് വഴിയായിരുന്നു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. പങ്കാളിത്തം കൊണ്ടും പ്രഭാഷണങ്ങൾ കൊണ്ടും ഈ വർഷത്തെ ആർ ശങ്കരനാരായണൻ തമ്പി അനുസ്മരണം ഏറെ ശ്രദ്ധേയമായതായ് സംഘാടകർ വിലയിരുത്തി.