ജോലിയില്ലാത്ത മദ്യപാനികളാണ് സമരം ചെയ്യുന്ന കര്‍ഷകർ: ബി.ജെ.പി എം.പിയുടെ വാഹനം തടഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

0
47

ഹരിയാനയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കർഷകരുടെ വൻ പ്രതിഷേധം. ജോലിയൊന്നുമില്ലാത്ത മദ്യപാനികളാണ് സമരം ചെയ്യുന്നതെന്ന ബി.ജെ.പി എം.പി രാം ചന്ദർ ജംഗ്രയുടെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ജംഗ്രയ്‌ക്കെതിരെ പ്രതിഷേധമുണ്ടായത്. കരിങ്കൊടികളും മുദ്രാവാക്യങ്ങളുമായി കർഷകർ ബി.ജെ.പി നേതാവിന്റെ വാഹനം തടഞ്ഞു. പ്രതിഷേധത്തിനിടെ ജംഗ്രയുടെ കാറിന്റെ ചില്ല് തകർന്നു.

പൊലീസ് ബാരിക്കേഡുകൾ നിരത്തി കർഷകരെ തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേസമയം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കുന്ന കർഷകരെ ആക്രമിക്കുകയും ചെയ്തതോടെ സംഭവസ്ഥലത്ത് വലിയ സംഘർഷമുണ്ടായതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം റോഹ്തക്കിലും എം.പിയ്ക്ക് നേരെ സമാനപ്രതിഷേധമുണ്ടായിരുന്നു.

കാർഷിക നിയമങ്ങൾക്കെതിരെ ഒരു പ്രതിഷേധവുമില്ലെന്നും സമരം ചെയ്യുന്നവർ കർഷകരല്ലെന്നുമാണ് ജംഗ്ര പറഞ്ഞത്. ഇതിനെതിരെയാണ് കർഷകർ രംഗത്തെത്തിയത്.