പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന പോലെയാണ് കേന്ദ്രം ഇപ്പോള്‍ വില കുറച്ചത്:ധനമന്ത്രി കെ. ബാലഗോപാല്‍

0
67

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്രനടപടിയില്‍ പ്രതികരിച്ച് ധനമന്ത്രി കെ. ബാലഗോപാല്‍. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ പെട്രോളിന് 30 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അതാണ് അവര്‍ ഉപയോഗിച്ചത്. ഇതില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് കിട്ടുന്നില്ല. ഇതിലാണ് കേന്ദ്രം കുറവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു.

‘രണ്ടര രൂപയോളം ഡീസലിനും ഒരു രൂപ പെട്രോളിനും ഇന്നലെ കുറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളെ കുറച്ചുകൂടി ഗൗരവത്തില്‍ കാണണം. ഏകദേശം 30 രൂപയില്‍ അധികം കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രം വര്‍ധിപ്പിച്ചത്. സാധാരണ നികുതി നിയമം അനുസരിച്ച് അല്ല വര്‍ധിപ്പിച്ചത്. 32 രൂപ വരെ സ്‌പെഷ്യല്‍ ആയിട്ടുള്ള എക്‌സൈസ് നികുതി അവര്‍ വാങ്ങി അതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്ക് തന്നിട്ടില്ല. എന്നിട്ട് അതില്‍ നിന്ന് ഇപ്പോള്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചു.

നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ പോക്കറ്റടിക്കാരന്റെ ന്യായം പോലെ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പൈസ പിടിച്ചെടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ ഇതിരിക്കട്ടെ എന്ന് പറഞ്ഞ് തരുന്നതുപോലെയാണ് ഇത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ കുറയ്ക്കണം എന്നുപറഞ്ഞാല്‍ അത് സാധിക്കില്ല.

30 രൂപയുടെ അടുത്ത് വര്‍ധിപ്പിച്ചത് വലിയ ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്. നമ്മുടെ കയ്യില്‍ നിന്ന് 30 രൂപ എടുത്തതില്‍ നിന്ന് 10 രൂപ കുറയ്ക്കുന്നു. പെട്രോളിന് അഞ്ച് രൂപ കുറയ്ക്കുന്നു. അങ്ങനെ കുറയ്ക്കുമ്പോള്‍ അതിന് ആനുപാതികമായി രണ്ടര രൂപയ്ക്കടുത്തും ഒന്നര രൂപയും നമ്മള്‍ കുറച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഡീസലിന് 12 രൂപയും പെട്രോളിന് 6 രൂപ 50 പൈസയും വന്നിട്ടുണ്ട്.

ഈ വര്‍ഷം മാത്രം 6400 കോടിയുടെ കുറവാണ് ടാക്‌സിന്റെ കാര്യത്തില്‍ ഉണ്ടായത്. കേരളത്തില്‍ ആകെ പെട്രോളിന്റേയും ഡീസലിന്റേയും നികുതി തന്നെ 8000 കോടിക്ക് അടുത്താണ്. ഒറ്റ വര്‍ഷത്തെ കുറവാണ് ഇത്. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. സംസ്ഥാനത്തിന്റെ ധനകാര്യ നിലയെ കുറിച്ചും കേന്ദ്രത്തിന്റെ നയത്തെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒട്ടും പങ്കുവെക്കണ്ടാത്ത നികുതിയില്‍ നിന്ന് ചെറുതായൊന്ന് കുറച്ച് മുഖം ഒന്നു മിനുക്കാന്‍ വേണ്ടിയുള്ള പരിപാടിയാണ് കേന്ദ്രം കാണിച്ചത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പെട്രോളിന്റെ നികുതി സംസ്ഥാനം വര്‍ധിപ്പിച്ചിട്ടേ ഇല്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് അഞ്ചു വര്‍ഷക്കാലംകൊണ്ട് 90 ശതമാനം വര്‍ധനവാണ് നികുതിയില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.