ഹരിത: ലൈംഗിക അധിക്ഷേപ പരാതിയില്‍ പി.കെ. നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

0
45

മുന്‍ ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ ഒഴിവാക്കിയാണ് കുറ്റപത്രം. നവാസിനൊപ്പം അബ്ദുല്‍ വഹാബിനെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല.

കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെ.എഫ്.സി.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളാണ് കേസിലുള്ളതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മുന്‍ ഹരിത നേതാക്കള്‍ നേരത്തെ വനിതാ കമ്മീഷന് മുന്നില്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ. നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.