സ്വർണക്കടത്ത് കേസിൽ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിച്ചത് കള്ളക്കഥകളാണെന്നും എൽഡിഎഫ് സർക്കാരിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ലെന്നും ഹൈക്കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രതിപക്ഷം കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്റ് പിണറായി സർക്കാരിനെ കരിവാരിത്തേക്കാനും അതുവഴി താഴെയിറക്കാനും നടത്തിയ കുത്സിത ശ്രമങ്ങളുടെ പൊള്ളത്തരമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. സ്വർണക്കടത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് പറഞ്ഞാണ് കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കുന്നതും യുഎപിഎ അനുസരിച്ച് കേസെടുക്കുന്നതും. സംഘ്പരിവാറിന്റെ ഈ ആരോപണങ്ങൾ ഏറ്റുപിടിച്ചാണ് കോൺഗ്രസും മുസ്ലീം ലീഗും മാസങ്ങളോളം കേരളീയ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കാൻ ശ്രമിച്ചത്.
മുഖ്യമന്ത്രിയടക്കമുള്ളവരെ കേസിലേക്ക് വലിച്ചിഴക്കാനും ആസൂത്രിത നീക്കങ്ങൾ നടന്നു. കേരളം മുസ്ലീം ഭീകരവാദികളുടെ ആസ്ഥാനമാണെന്ന് വരുത്തിത്തീർക്കാൻ ഇല്ലാത്ത കഥകൾ കെട്ടിച്ചമച്ചു. തീവ്രവാദ ലക്ഷ്യത്തോടെ വൻഗൂഢാലോചന നടത്തിയെന്നും ആളുകളെ റിക്രൂട്ട് ചെയ്ത് യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തി എന്നൊക്കെയാണ് മാസങ്ങളോളം പ്രചരിപ്പിച്ചത്.
സംഘപരിവാറിന്റെ കുപ്രചാരണങ്ങളെ അപ്പടി ഏറ്റെടുത്ത് കേരളത്തിന്റെ സൽപേരിന് കളങ്കം ചാർത്തിയ പ്രതിപക്ഷം മാപ്പർഹിക്കുന്നില്ല. മാധ്യമങ്ങൾക്കും ആത്മപരിശോധന അനിവാര്യമാണെന്നാണ് ചാരക്കേസിന്റെ വഴിയെ സഞ്ചരിച്ച സ്വർണക്കടത്ത് കേസും ഓർമിപ്പിക്കുന്നതെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.