അമ്മ അറിയാതെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

0
39

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി ഉള്‍പ്പെടെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഇന്ന് ഉത്തരവ് പറയുന്നത്. അതേസമയം, അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു.ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യക്തവരുത്താന്‍ ഡിഎന്‍എ പരിശോധന വരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ര്‍ട്ട് നല്‍കാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിര്‍ദ്ദേശം നല്‍കിയത്.. പരാതിയില്‍ സമയോജിതമായി സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.അതേസമയം കേസ് പരിഗണിച്ചപ്പോള്‍ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്‍റെ കാലാവധി കഴി‍ഞ്ഞതാണെന്ന് കോടതി വിമര്‍ശിച്ചു. സമിതി ഹാജരാക്കിയ ലൈസന്‍സിന്‍റെ കാലവാധി ജൂണ്‍ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാകന്‍ കോടതിയെ അറിയിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി.അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ സമയോജിതമായി ഇടപെട്ടുവെന്നും കുടുംബ കോടതി നിരീക്ഷിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. താന്‍ അറിയാതെയാണ് 4 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് അനുപമയുടെ ഹര്‍ജിയിലെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറ് പേരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി.