തിങ്കളാഴ്ച നിശ്ചയം; ദി കിങ്ങ്ഡം ഓഫ് കുവൈറ്റ് വിജയൻ Review

0
57

അജിത്

പ്രമേയംകൊണ്ട് പ്രത്യേകതയുള്ള സിനിമകൾ ശ്രദ്ധിക്കപ്പെടണമെന്നും അവ ചർച്ച വിഷയമായി മാറണമെന്നും തോന്നാറുണ്ട്. കുടുംബങ്ങളിൽ ഏറെക്കാലമായി നിലനിൽക്കുന്ന ഒരു വിഷയവും അതിന്റെ രാഷ്ട്രീയവും കൃത്യമായി അവതരിപ്പിച്ച സിനിമയായി തിങ്കളാഴ്ച നിശ്ചയം അനുഭവപ്പെടുകയും, നമ്മുടെ കുടുംബങ്ങൾ ചിത്രം കണ്ടിരിക്കേണ്ടതുണ്ടെന്നും തോന്നി.

കാഞ്ഞങ്ങാടുള്ള ഒരു കുടുംബത്തിൽ നടക്കുന്ന ചെറിയൊരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് ദിവസത്തിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. രാജഭരണവും സര്‍വ്വാധികാരവും അനുകൂലിക്കുന്ന ഒരു ​ഗൃഹനാഥാന്റെ നിയന്ത്രണത്തിലുള്ള കുടുംബമാണ് ചിത്രത്തിന്റെ പശ്ചാത്തലവും പ്രത്യേകതയും. സിനിമയുടെ തുടക്കത്തിൽ തന്നെ തന്റെ നിലപാടിലൂടെ വിജയൻ എന്ന പ്രധാന കഥാപാത്രത്തിന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്നുണ്ട്. ഭാര്യയുടെ അഭിപ്രായത്തോട് വിജയൻ പ്രതികരിക്കുന്ന രീതിയും നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം രാജഭരണമാണെന്നുള്ള അയാളുടെ അഭിപ്രായ പ്രകടനവും ഇത് വ്യക്തമാക്കുന്നുണ്ട്.

കുവൈറ്റിലെ രാജഭരണത്തെ കുറിച്ച് വാചാലനാകുന്ന വിജയൻ തന്റെ കുടുംബത്തിലെ രാജാവായി സ്വയം അവരോധിക്കുന്നു. അയാളുടെ വ്യവഹാരങ്ങളിൽ അത് പ്രകടമാണ്. തന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനും അത്തരം ചോദ്യം ചെയ്യലുകളെ കുടുംബത്തിനായി അധ്വാനിക്കുകയായിരുന്നു താൻ എന്ന വൈകാരികത ഉപയോ​ഗിച്ച് നേരിടാനും അയാൾക്ക് സാധിക്കുന്നു.

കൂടുംബങ്ങളിലെ അടിച്ചമർത്തലുകൾ പലപ്പോഴും കായികമായി മാത്രമായിരിക്കില്ലെന്ന് ബോധ്യമുണ്ട്. അഭിപ്രായങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും മേൽ ആധിപത്യം സ്ഥാപിക്കുന്നത് മിക്കപ്പോഴും വൈകാരികമായിട്ടാണ്. ആ അർത്ഥത്തിൽ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളുടെയും പകർപ്പാണ് ഈ ചിത്രം. ‌

കല്യാണത്തിന്റെ തലേദിവസം പെൺകുട്ടി കാമുകനോടൊപ്പം വീടുവിട്ടിറങ്ങുന്ന സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ധാരളം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാട്ടുകാർ പെൺകുട്ടിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലപ്പോഴും അവർ ഇത്തരം തീരുമാനങ്ങളിലേക്കെത്തേണ്ടി വരുന്നത് കുടുംബത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കാതെ പോകുന്നത് കൊണ്ടാണെന്നും തോന്നാറുണ്ട്. കിങ്ങ്ഡം ഓഫ് കുവൈറ്റ് വിജയൻമാരുടെ ഇരകാളായിരിക്കാം ഒരു പക്ഷെ അവരെന്ന് സിനിമ കണ്ടപ്പോൾ തോന്നി.

നർമ്മത്തോടെയും എന്നാൽ പക്വമായും രാഷ്ട്രീയം അവതരിപ്പിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്. അവസാന രം​ഗങ്ങളിൽ കുടുംബത്തിലെ തീരുമാനങ്ങൾ ജനാധിപത്യമര്യാതയോടെയാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ​വിജയൻ നടത്തുന്ന ഒരു വോട്ടിങ്ങുണ്ട്, ഡിക്റ്റേറ്റർ തോക്കു ചൂണ്ടി നടത്തുന്ന തെരഞ്ഞെടുപ്പുകളോട് താരതമ്യം ചെയ്യാൻ കഴിയുന്ന രം​ഗങ്ങളാണിത്, സമകാലിക ഇന്ത്യൻ പശ്ചാത്തലവും ഇവിടെ പ്രസക്തമാകുന്നതായി അനുഭവപ്പെട്ടു. അഭിനേതാക്കാളുടെ മികച്ച പ്രകടനംകൊണ്ടും, നല്ല ഛായാ​ഗ്രഹണം കൊണ്ടും കൂടി കൈയ്യടി അർഹിക്കുന്നുണ്ട് തിങ്കളാഴ്ച നിശ്ചയം.