പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

0
36

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറവിലങ്ങാട് പൊലീസാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന വകുപ്പ് ചുമത്തി ബിഷപ്പിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഇമാം കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഇമാം കൗണ്‍സിലിന് വേണ്ടി അബ്ദുല്‍ അസീസ് മൗലവി അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.നേരത്തേ കുറവിലങ്ങാട് പൊലീസില്‍ പാലാ ബിഷപ്പിനെതിരെ പലരും പരാതികള്‍ നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ലൗ ജിഹാദിന് പിന്നാലെ പാലാ ബിഷപ്പ് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് ആരോപണം രാഷ്ടീയത്തിലും പൊതു മണ്ഡലത്തിലുമുണ്ടാക്കിയ അലയൊലികള്‍ വലുതായിരുന്നു. ബിഷപ്പിന്‍റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശനമാണുന്നയിച്ചത്.