കോൺഗ്രസ് ആരോപണം പൊളിഞ്ഞു : ജോജു മദ്യപിച്ചിട്ടില്ല

0
63

കോണ്‍ഗ്രസ് സമരത്തിനിടെ പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാഫലം. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച പ്രധാന ആരോപണം പൊളിഞ്ഞു. സമരത്തിനിടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്നായിരു്ന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് ജോജുവിനെതിരെ അക്രമമുണ്ടായത്. ദീര്‍ഘനേരം ഗതാഗതം തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത നടന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജോജുവിന് പരിക്കേല്‍ക്കുകയും ചെയ്തു.

അക്രമം സ്വാഭാവികമാണെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. സമരക്കാര്‍ക്കെതിരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ക്കേണ്ടി വന്നത്. മദ്യപിച്ച് മുണ്ടും മടക്കിക്കുത്തി തറഗുണ്ടപോലെയാണ് ജോജു പെരുമാറിയതെന്നും സുധാകരന്‍ പറഞ്ഞു.