Wednesday
17 December 2025
30.8 C
Kerala
HomeKeralaകളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം

കളിചിരി ആരവങ്ങളുയര്‍ന്നു; വീണ്ടും സ്‌കൂള്‍ കാലം

കോവിഡിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് വിദ്യാലയങ്ങളില്‍നിന്ന് കുരുന്നുകളുടെ കളിചിരി ആരവങ്ങളുയര്‍ന്നു.  തിരികെ സ്‌കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, വീണാ ജോര്‍ജ് എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

ഒന്നുമുതല്‍ ഏഴുവരെയും 10, 12 ക്ലാസുകളിലെയും 35 ലക്ഷം വിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് കുട്ടികളാണ് ആദ്യ ദിനമെത്തുക. ഒന്നും രണ്ടും ക്ലാസിലെ ആറുലക്ഷത്തിലേറെ കുഞ്ഞോമനകള്‍ ഒന്നിച്ച് ആദ്യമായി സ്‌കൂളിലേക്കെത്തുന്നുവെന്ന ചരിത്രപ്രാധാന്യവുമുണ്ട് ഇക്കുറി. ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായും ചേര്‍ന്നു. ഒന്നില്‍ 3.05 ലക്ഷം കുട്ടികളും രണ്ടില്‍ 3.02ലക്ഷം കുട്ടികളുമാണെത്തിയത്. മുഴുവന്‍ ക്ലാസുകളിലുമായി 2,54,642 കുട്ടികള്‍ അധികമായെത്തി. പൊതുവിദ്യാഭ്യാസ യജ്ഞം പ്രഖ്യാപിച്ചശേഷം ഇതുവരെ 9,34,310കുട്ടികള്‍ അധികമായെത്തി.  15ന് എട്ട്, ഒമ്പത് ക്ലാസുകള്‍കൂടി തുറന്ന് ഒരാഴ്ചയ്ക്കകം അന്തിമ കണക്ക് ലഭ്യമാകും.

മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒന്നായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളടക്കമുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.  രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമേ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ടതുള്ളൂ. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ഉച്ചവരെയേ ക്ലാസുള്ളൂ. ഗൗരവത്തോടെയുള്ള പഠനവുമില്ല. ശനിയും ക്ലാസുണ്ട്. ആലപ്പുഴയിലെ 50 സ്‌കൂള്‍ മഴക്കെടുതി പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തുറക്കില്ല.

ഒരാഴ്ചയ്ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും. വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധിക്കും. എല്ലാ ക്ലാസിന് മുന്നിലും  വെള്ളവും സോപ്പും ഉണ്ടാകും.  ഉച്ചഭക്ഷണത്തിനും പ്രത്യേക ക്രമീകരണമുണ്ട്.  ക്ലാസില്‍ ഒരു പ്രദേശത്തെ വിദ്യാര്‍ഥികളെയാണ് ഒരു ഷിഫ്റ്റില്‍ പ്രവേശിപ്പിക്കുക.  ഒരു ഡോസ് വാക്സിന്‍പോലും എടുക്കാത്ത അധ്യാപകര്‍ക്ക് പ്രവേശനമില്ല. അവര്‍ ഉച്ചയ്ക്കുശേഷം ഓണ്‍ലൈന്‍ ക്ലാസ് എടുക്കണം.

 

RELATED ARTICLES

Most Popular

Recent Comments