ഒന്നര വര്‍ഷത്തിനു ശേഷം കരുതലോടെ സ്കൂളിലേക്ക്; നാളെ പ്രവേശനോത്സവം

0
92

തിരുവനന്തപുരം> കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ ഒന്നര വർഷത്തിലേറെ അടച്ചിട്ട സ്കൂളുകൾ തിങ്കളാഴ്‌ച തുറക്കും. പ്രൈമറി, 10, പ്ലസ്‌ ടു ക്ലാസുകളാണ്‌ ആദ്യം തുറക്കുന്നത്‌. 35 ലക്ഷം വിദ്യാർഥികൾ സ്കൂളുകളിൽ എത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാംഘട്ടത്തിൽ 8, 9 ക്ലാസുകൾ 15ന്‌ തുറക്കും.

പ്രവേശനോത്സവത്തോടെ ആയിരിക്കും സ്‌കൂളുകൾ വീണ്ടും സജീവമാകുക. സംസ്ഥാനതല പ്രവേശനോത്സവം തലസ്ഥാനത്ത് കോട്ടൺഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന്‌ നടക്കും. മറ്റ്‌ സ്‌കൂളുകളിൽ സാഹചര്യങ്ങൾക്കനുസരിച്ച് നടത്തും. വിദ്യാർഥികളെ അയക്കാൻ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു. രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ഗൗരവത്തോടെയുള്ള പഠനവും ഇല്ല. 104 സ്കൂൾ ഇനിയും ശുചീകരിക്കാനുണ്ട്. 1474 സ്കൂൾ ബസ് ശരിയാക്കാനുണ്ടെന്നും ഇത് ഉടൻ തീർക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ ക്ലാസുകൾക്കും മറ്റ്‌ ജോലികൾക്കും ശേഷമുള്ള സമയത്ത് അധ്യാപകർ ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് അധ്യാപക സംഘടനാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ശനിയും ജോലി ചെയ്യും.

ഒരാഴ്ചയ്ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും. വിദ്യാർഥികളെ പരിശോധിക്കാൻ 24,300 തെർമൽ സ്‌കാനർ വിതരണം ചെയ്തിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങാൻ 2.85 കോടി നൽകി. നവംബർ, ഡിസംബർ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 105.5 കോടിയും പാചകത്തൊഴിലാളികളുടെ പ്രതിഫലമായ 45 കോടിയും മുൻകൂറായി അനുവദിച്ചിട്ടുണ്ട്.

സ്‌കൂൾ ഗ്രാന്റ് ഇനത്തിൽ എസ്എസ്‌കെ 11 കോടി രൂപ ജൂലൈ, ആഗസ്ത്‌ മാസങ്ങളിൽ അനുവദിച്ചിരുന്നു. നവംബറിൽ ബാക്കി 11 കോടി നൽകും. കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഈ തുക വിനിയോഗിക്കാം. എയ്‌ഡഡ്‌ സ്‌കൂൾ അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റ് നൽകാൻ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.