സ്‌കൂൾ തുറക്കൽ; കരുതലോടെ ആരോഗ്യ വകുപ്പ്‌ ഒപ്പമുണ്ട്‌

0
92

സ്‌കൂൾ തുറക്കുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാർഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ‐സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. ഇടവേളയ്‌ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാർഥികൾക്കും മന്ത്രി ആശംസ അറിയിച്ചു.

ഒന്നാം ക്ലാസിലെ ചെറിയ കുട്ടികൾ മുതൽ ഉള്ളതിനാൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചർച്ച ചെയ്‌താണ് മാർഗരേഖ തയ്യാറാക്കിയത്. രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്‌മയിലൂടെ സ്‌കൂളുകൾ നന്നായി കൊണ്ടുപോകാനാകും. മാർഗനിർദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവർത്തിച്ചാൽ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാനുമാകുമെന്നും മന്ത്രി പറഞ്ഞു.

മറക്കരുതേ ഈ കാര്യങ്ങൾ

· ബയോബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക.

· ഓരോ ബബിളിലുള്ളവർ അതത് ദിവസം മാത്രമേ സ്‌കൂളിൽ എത്താവൂ.

· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ കോവിഡ് സമ്പർക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളിൽ പോകരുത്.

· മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ഉപയോഗിക്കുക.

· വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്.

· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

· കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്‌പർശിക്കരുത്.

· അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

· ഇടവേളകൾ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകൾ ഒഴിവാക്കണം.

· പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുള്ളതല്ല.

· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.

· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

· ടോയ്‌ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

· പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.

· ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുള്ള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.

· രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം.

· രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

· ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്‌ടറുടെ സേവനം ഉറപ്പാക്കണം.

· വിദ്യാർഥികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക.

· അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.

· കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

· വീട്ടിലെത്തിയ ഉടൻ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

· മാസ്‌കും വസ്‌ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.