എസ് സി ഇ ആർ ടി ഗവേഷണ പഠന റിപ്പോർട്ടുകളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

0
74

2016-21 കാലയളവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി നിരവധി അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിരവധി ഗവേഷണ പഠനങ്ങൾ സംഘടിപ്പിക്കുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്. എസ്.സി.ഇ.ആർ.ടിയുടെ ഗവേഷണ വിഭാഗം നേരിട്ടും കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ഡയറ്റുകൾ എന്നീ ഏജൻസികളുമായി ചേർന്നുമാണ് എസ്.സി.ഇ.ആർ.ടി. ഈ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

വിദ്യാഭ്യാസ അവകാശനിയമം : 2009 നെ അടിസ്ഥാനമാക്കി കൊച്ചി നിയമ സർവകലാശാലയുമായി ചേർന്നു നടത്തിയ പഠനം,പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലുള്ള മനോ-സാമൂഹിക പ്രശ്നങ്ങളും അവയുടെ മാനേജ്മെന്റും എന്ന വിഷയത്തെ അധികരിച്ച് സംസ്കൃത സർവകലാശാലയുമായി ചേർന്ന് നടത്തിയ പഠനം, കോവിഡ്-19 കാലത്ത് കേരളത്തിലെ കുട്ടികളുടെ മാനസിക സാമൂഹിക അവസ്ഥയും അക്കാദമിക മികവും അടിസ്ഥാനമാക്കി തിരുവനന്തപുരം വിമൻസ് കോളേജുമായി നടത്തിയ പഠനം, കേരളത്തിലെ 14 ഡയറ്റുകളുമായി ബന്ധപ്പെട്ട് അതത് ജില്ലകളിൽ നടത്തിയ അക്കാദമിക ഇടപെടൽ പഠനങ്ങൾ, എം.എൽ.എ/എം.പി. ഫണ്ട് മുഖേന സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച പഠനം, കുട്ടികളിലെ ഗണിതശേഷി വർദ്ധിപ്പിക്കുവാൻ നടപ്പിലാക്കുന്ന പദ്ധതിയായ ‘ന്യൂമാറ്റ്സി’ന്റെ ഫലപ്രാപ്തി പഠനം, കേരളത്തിലെ പ്രൈമറി സ്കൂൾ കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടത്തിയ ഹെൽത്തി കിഡ്സ്, കേരളത്തിലെ സവിശേഷ വിദ്യാലയങ്ങളിലെ ഡിജിറ്റൽ പഠനത്തെ സംബന്ധിച്ച് ഗവേഷണം, പ്രീപ്രൈമറി അധ്യാപക പരിശീലന സ്ഥാപനങ്ങളുടെ നിജസ്ഥിതി പഠനം, സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ്.ക്യൂ.എഫ് (NSQF) പ്രകാരമുള്ള കോഴ്സുകൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട അവസ്ഥാപഠനം, വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യ ജീവിതനൈപുണി വികസിപ്പിക്കുന്നതിനായി തയാറാക്കിയ “ഉല്ലാസപ്പറവകൾ എന്ന പുസ്തകങ്ങളിലൂടെ നടത്തിയ ഇടപെടലിന്റെ ഫലപ്രാപ്തി പഠനം എന്നിവ ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടവയാണ്.

2016-21 കാലയളവിൽ പൂർത്തിയാക്കിയ 61 ഗവേഷണ പ്രബന്ധങ്ങൾ കൂടാതെ ഡി.എൽ.എഡ്. അധ്യാപക വിദ്യാർത്ഥികൾക്കുള്ള പഠനപിന്തുണാസഹായികൾ, പ്രീപ്രൈമറി നയരേഖ, ഡിപ്ലോമ ഇൻ പ്രീസ്കൂൾ എഡ്യൂക്കേഷൻ പാഠ്യപദ്ധതി, എസ്.സി.ഇ.ആർ.ടി. തയാറാക്കിയ വിവിധ ഡോക്യുമെന്റേഷനുകൾ എന്നിവ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.

സംസ്ഥാനത്തെ സ്കൂൾ ലൈബ്രറികൾക്കായി എസ്.സി.ഇ.ആർ.ടി തയാറാക്കിയ അര ലക്ഷത്തിൽ പരം പുസ്തകങ്ങൾ അച്ചടിച്ച് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൃത്യ സമയത്ത് വിതരണം ചെയ്യുന്നതിന് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച എസ്.സി.ഇ.ആർ.ടിയിലെ അധ്യാപകരെയും ജീവനക്കാരെയും മന്ത്രി അനുമോദിക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് അധ്യക്ഷനായ ചടങ്ങിൽ NUALS വൈസ് ചാൻസലർ ഡോ. കെ സി സണ്ണി മുഖ്യാതിഥി ആയിരുന്നു. SCERT കേരളം ഡയറക്ടർ ഡോ. ജെ പ്രസാദ്,SSK സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ, KITE സി ഇ ഒ കെ അൻവർ സാദത്,SIEMAT ഡയറക്ടർ ഡോ. എം എ ലാൽ, KSLMA ഡയറക്ടർ ഡോ. പി എസ് ശ്രീകല,SIET ഡയറക്ടർ ബി അബുരാജ്,SCOLE കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.