തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയുമായി കൂടിക്കാഴ്ച

0
231

ഗോവയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സെലിബ്രിറ്റികളെ പാർട്ടിയിലെത്തിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയുമായി മമത ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.

ഗോവ ഫോർവേർഡ് പാർട്ടി പ്രസിഡന്റ് വിജയ് സർദേശായിയുമായാണ് മമതയുടെ കൂടിക്കാഴ്ച.  ഈ വർഷം ഏപ്രിലിലാണ് ജി.എഫ്.പി, എൻ.ഡി.എ വിട്ടത്. കഴിഞ്ഞ ബി.ജെ.പി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു സർദേശായി.

ഗോവ നിയമസഭയിൽ 3 അംഗങ്ങളുള്ള ജി.എഫ്.പി, തൃണമൂലുമായി സഖ്യം ചേരുന്നത് നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.കഴിഞ്ഞ ദിവസം ടെന്നിസ് താരം ലിയാണ്ടർ പേസും നടി നഫീസ അലിയും തൃണമൂലിൽ അംഗത്വമെടുത്തിരുന്നു. 40 സീറ്റിലേക്കാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിൽ തൃണമൂൽ മത്സരിക്കുമെന്ന് നേരത്തെ മമത പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.