കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

0
102

കശ്മീരിലെ നൗഷേരാ-സുന്ദര്‍ബനി സെക്ടറില്‍ കുഴിബോംബ് പൊട്ടി രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപം നടത്തിയ പെട്രോളിംഗിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പരിക്കേറ്റ സൈനികരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് സൈനികരുടെ നില അതീവ ഗുരുതരമാണ്.

ജമ്മുവിലെ പിര്‍പഞ്ജല്‍ മേഖലയുടെ ഭാഗമായ രജൗരി ജില്ലയിലാണ് സ്‌ഫോടനം നടന്ന നൗഷേരാ സെക്ടര്‍ വരുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഈ മേഖലയിസല്‍ സൈന്യത്തിന്റെ ഓപ്പറേഷനുകള്‍ നടന്നുവരികയാണ്.

ജമ്മു കശ്മീരിലെ പൂഞ്ച് വനത്തില്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭീകരര്‍ക്കെതിരെ നടന്നുവരുന്ന ഏറ്റുമുട്ടലില്‍ 9 സൈനികരും രണ്ട് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണിത്.