ഓട്ടം വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം; രക്ഷപ്പെട്ടതോടെ ഓട്ടോ കത്തിച്ച് അക്രമി

0
62

ഗാന്ധിനഗറില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. രാത്രിയില്‍ ഓട്ടം വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. പൈക സ്വദേശി വി.ആര്‍.അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അഖില്‍ ഓടി രക്ഷപ്പെട്ടതോടെ ഓട്ടോറിക്ഷ കത്തിച്ചു.

പൈകയില്‍ നിന്ന് അഖിലിനെ യുവാവ് ഓട്ടം വിളിക്കുകയായിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണാന്‍ പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചത്.

ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍പിടിച്ച് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നു ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ നിര്‍ത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തി ഡ്രൈവര്‍ വിവരം പറഞ്ഞു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു.