കൂമാൻ തെറിച്ചു ; ബർയുവാൻ ഇടക്കാല പരിശീലകൻ

0
69

റൊണാൾഡ്‌ കൂമാനിലുള്ള വിശ്വാസം ഒടുവിൽ ബാഴ്‌സലോണയ്‌ക്ക്‌ നഷ്ടമായി. ഡച്ചുകാരനെ ബാഴ്‌സ പുറത്താക്കി. 14 മാസം നീണ്ട പരിശീലനകാലയളവിൽ ഓർക്കാനൊന്നും നൽകാതെ കൂമാൻ നൗകാമ്പിന്റെ പടിയിറങ്ങി. സ്‌പാനിഷ്‌ ലീഗിൽ റയോ വല്ലെകാനോയോടും തോറ്റതോടെ ബാഴ്‌സ പ്രസിഡന്റ്‌ യൊവാൻ ലപോർട്ട ആ തീരുമാനമെടുത്തു–- കൂമാൻ ഇനി വേണ്ട. സെർജി ബർയുവാൻ ഇടക്കാല പരിശീലകനാകും.

പതിനാല്‌ മാസത്തിൽ ഒരു കിരീടം മാത്രമാണ്‌ കൂമാന്റെ നേട്ടം. കഴിഞ്ഞ സീസണിലെ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌. ഈ സീസൺ നിലംതൊട്ടില്ല. ലീഗിൽ 10 കളിയിൽ വെറും 15 പോയിന്റ്‌. അഞ്ച്‌ തോൽവി. ചാമ്പ്യൻസ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ടത്തിൽ രണ്ട്‌ കനത്ത തോൽവി. ലീഗിൽ വല്ലെകാനോയോട്‌ ഒരു ഗോളിനാണ്‌ തോറ്റത്‌. റദമേൽ ഫൽകാവോ അടിതൊടുത്തപ്പോൾ ബാഴ്‌സ തീർന്നു. കിട്ടിയ പെനൽറ്റി മെംഫിസ്‌ ഡിപെ പാഴാക്കുകയും ചെയ്‌തു. രണ്ടുപതിറ്റാണ്ടിനുശേഷമാണ്‌ ബാഴ്‌സ വല്ലെകാനോയോട്‌ തോൽക്കുന്നത്‌. കളിക്കാർക്കുപോലും അതു താങ്ങാനായില്ല. ആരാധകരുടെ അമർഷം വളരെമുമ്പുതന്നെ തുടങ്ങി. കൂമാനെ പുറത്താക്കുക മാത്രമായിരുന്നു ബാഴ്‌സയുടെ വഴി.

കഴിഞ്ഞ നാല്‌ കളിയിൽ മൂന്നാം തോൽവിയാണ്‌. തൊട്ടുമുമ്പ്‌ എൽക്ലാസികോയിൽ റയൽ മാഡ്രിഡിനോട്‌ സ്വന്തം തട്ടകത്തിൽ തോറ്റു. പട്ടികയിൽ ഒമ്പതാംസ്ഥാനമാണ്‌.  ലീഗിലും ചാമ്പ്യൻസ്‌ ലീഗിലുമായി 16 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ 17 എണ്ണം. അമ്പത്തെട്ടുകാരനായ കൂമാൻ ഇംഗ്ലീഷ്‌ ലീഗിൽ എവർട്ടൺ, സതാംപ്‌ടൺ ടീമുകളുടെ പരിശീലകനായിരുന്നു. 1989 മുതൽ 1995 വരെ ബാഴ്‌സ ടീമിന്റെ സെന്റർ ബാക്കായി കളിച്ചിട്ടുണ്ട്‌. 1992 യൂറോപ്യൻ കപ്പ്‌ ഫൈനലിൽ വിജയഗോൾ നേടി. കഴിഞ്ഞവർഷം ആഗസ്‌തിൽ പരിശീലകനായെത്തി. ജോസെപ്‌ മരിയ ബർതോമ്യു ആയിരുന്നു അന്ന്‌ ക്ലബ് പ്രസിഡന്റ്‌. പുതിയ പ്രസിഡന്റ്‌ ലപോർട്ടയും കൂമാനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല.

കോവിഡ്‌ കാരണം ക്ലബ് വൻ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്‌. സൂപ്പർ താരം ലയണൽ മെസിക്ക്‌ ക്ലബ്‌ വിടേണ്ടിവന്നു. ഒൺടോയ്‌ൻ ഗ്രീസ്‌മാനെ അത്‌ലറ്റികോ മാഡ്രിഡിന്‌ വിറ്റു. കളിക്കാരുടെ ശമ്പളം കുറച്ചു. വലിയ കളിക്കാരെ കൊണ്ടുവരാനും കഴിഞ്ഞില്ല. കഴിഞ്ഞവർഷം ചുമതലയേറ്റപാടെ ലൂയിസ്‌ സുവാരസിനെ പുറത്താക്കിയാണ്‌ കൂമാൻ ബാഴ്‌സ ആരാധകരുടെ അനിഷ്ടത്തിന്‌ പാത്രമായത്‌. 40 സെക്കൻഡ്‌ ഫോൺ സംഭാഷണത്തിലാണ്‌ സുവാരസിനെ ഒഴിവാക്കുന്ന കാര്യം കൂമാൻ താരത്തെ അറിയിച്ചത്‌. അത്‌ലറ്റികോ മാഡ്രിഡിനെ ലീഗ്‌ കിരീടത്തിലേക്ക്‌ നയിച്ചായിരുന്നു സുവാരസിന്റെ മറുപടി. മെസിയും ഗ്രീസ്‌മാനും പോയതോടെ ബാഴ്‌സ പൂർണമായും തകർന്നു. ഡിപെ, സെർജിയോ അഗ്വേറോ, ലൂക്ക്‌ ഡി യോങ്‌ എന്നിവരെ ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.

റയലുമായുള്ള തോൽവിക്കുശേഷം നൗകാമ്പിൽ ബാഴ്‌സ ആരാധകർ കൂമാന്റെ വാഹനം വളഞ്ഞിരുന്നു. ‘വിവരമില്ലാത്തവർ’ എന്നായിരുന്നു കൂമാന്റെ പ്രതികരണം. ആരാധകർക്കൊപ്പം ടീം മാനേജ്‌മെന്റിന്റെയും കളിക്കാരുടെയും വിശ്വാസവും കൂമാന്‌ നഷ്ടമായി.