ഹരിയാനയിലെ ഗുഡ്‌ഗാവിൽ നിസ്കാരം തടയാൻ വീണ്ടും സംഘപരിവാർ ശ്രമം

0
90

ന്യൂഡല്‍ഹി
ഹരിയാനയിലെ ഗുഡ്ഗാവില്‍ നിസ്കാരം തടയാന്‍ വീണ്ടും സംഘപരിവാര്‍ ശ്രമം. വെള്ളിയാഴ്ച നിസ്കാരം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഗുഡ്ഗാവ് 12–-എ സെക്ടറിലാണ് ആര്‍എസ്‌എസ്–- ബിജെപി പ്രവര്‍ത്തകര്‍ രം​ഗത്തെത്തിയത്.

പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. ഗുഡ്ഗാവില്‍ വെള്ളിയാഴ്ച പ്രാര്‍ഥന തടയാന് മൂന്നാഴ്ചയായി സംഘപരിവാര്‍ ശ്രമിക്കുന്നു. 2018ലും സമാനമായി പ്രശ്നങ്ങളുണ്ടാക്കി. തുടര്‍ന്ന് അധികൃതര്‍ സംഘപരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. 37 ഇടത്ത് നിസ്കാരം അനുവദിക്കാന്‍ ധാരണയായി. ഈ സ്ഥലങ്ങളിലും നിസ്കാരം അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ നിലപാട്.

‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സെക്ടര്‍ 12–-എ യിലേക്ക് എത്തിയത്.

ഗുജറാത്തില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത് കുടുംബത്തെ ആക്രമിച്ചു
ഗുജറാത്തില്‍ കച്ച്‌ ജില്ലയിലെ ഗാന്ധിധാമില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത് കുടുംബത്തിനുനേരെ ആക്രമണം. ഗോവിന്ദ് വഗേല എന്നയാളും കുടുംബവും 20നാണ് നേര്‍ ഗ്രാമത്തിലെ രാമക്ഷേത്രം സന്ദര്‍ശിച്ചത്. ആറ് ദിവസത്തിനുശേഷം വഗേലയുടെ കൃഷിയിടത്തിലേക്ക് എതാനുംപേര്‍ കന്നുകാലികളെ അഴിച്ചുവിടുകയും അവിടെയെത്തിയ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ആക്രമിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ കയറിയ കാര്യം പറഞ്ഞാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച്‌ മര്‍ദിച്ചതെന്ന് വഗേല പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നും ഓട്ടോറിക്ഷ തകര്‍ത്തുവെന്നും പരാതിയിലുണ്ട്. 20 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.