മുല്ലപ്പെരിയാർ ഡാം തുറന്നു; ഇടുക്കി തുറന്നേക്കും

0
72

കനത്ത മഴയിൽ ജലനിരപ്പ്‌ കൂടിയ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട്‌ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. 3,4 ഷട്ടറുകൾ 35 സെ.മീ വീതമാണ്‌ ഉയർത്തിയത്‌. വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. അതിനിടെ, മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്‌ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.

മുല്ലപ്പെരിയാർ ഷട്ടറില്ലാത്ത ഗ്രാവിറ്റി അണക്കെട്ടായതിനാൽ വശത്തുള്ള സ്‌പിൽവേകളിലൂടെയാണ്‌ ഇടുക്കിയിലേക്ക്‌ വെള്ളം ഒഴുക്കുന്നത്‌. 13 സ്‌പിൽവേ ഷട്ടറിൽ അഞ്ചെണ്ണമാണ്‌ തുറക്കുക. സെക്കൻഡിൽ 3108 ഘനയടി വെള്ളമാണ്‌ ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌. ഇതിൽ 2300 ഘനയടി തമിഴ്‌നാട്‌ കൊണ്ടുപോകുന്നുണ്ട്‌.

വെള്ളം ഒഴുകുന്ന ഏഴ്‌ വില്ലേജിലായി 21 ക്യാമ്പ്‌ തുറന്നു. 350  കുടുംബങ്ങളിലെ 1079 പേരെ മാറ്റിപ്പാർപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെള്ളം സ്‌പിൽവേയിലൂടെ പെരിയാറിലെത്തി 38 കിലോമീറ്റർ പിന്നിട്ടാണ്‌ ഇടുക്കി സംഭരണിയിലെത്തുക. ജനവാസമേഖലയായ വള്ളക്കടവിൽ വെള്ളമെത്താൻ 25 മിനിറ്റെടുക്കും. ജലനിരപ്പ്‌ 136 അടിയിൽനിന്ന്‌ 142 ആയി ഉയർത്തിയ 2014ൽ ഉൾപ്പെടെ മൂന്നുതവണയാണ്‌ ഇടുക്കിയിലേക്ക്‌ വെള്ളം ഒഴുക്കിയത്‌.