മുല്ലപ്പെരിയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി

0
96

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തിയതായി സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 30സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ ആരംഭിച്ചു.

നിലവിലുള്ള 550ക്യൂമിക്സ് ന് പുറമെ 275ക്യൂമിക്സ് വെള്ളം കൂടി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിടുന്നതെ. നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെയാണ് തുറന്നത്. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നിത്. 35 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുക. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതായാണ് വിവരം. ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നതിന് പിന്നാലെയാണ് ‍‍ഡാം തുറന്നത്.

138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളം മാത്രമേ തുറന്ന് വിടുകയുള്ളൂവെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമായിരിക്കും ജലനിരപ്പ് ഉയരുക. പെരിയാറില്‍ 60 സെന്റീമീറ്റര്‍ വരെയും ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, റവന്യു മന്ത്രി കെ.രാജന്‍ എന്നിവര്‍ പ്രദേശത്ത് തുടരുകയാണ്. ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ജനസുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് പിന്നാലെ മഴ കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ ഇടുക്കി ഡാമും തുറന്നേക്കും. നാളെ വൈകിട്ടോടെയാകും ഡാം തുറക്കുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമായിരിക്കും തുറന്ന് വിടുക. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കെഎസ്‌ഇബി വൃത്തങ്ങള്‍ അറിയിച്ചു.