മുല്ലപ്പെരിയാർ: കോടതി നിലപാട്‌ സംസ്ഥാനത്തിന്‌ നേട്ടം : പി രാജീവ്‌

0
105

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ 139.5 അടിയിൽ കൂടരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാലവിധി സംസ്ഥാനത്തിന്‌ നേട്ടമെന്ന്‌ മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. ജലനിരപ്പ്‌ 142 അടിയെന്ന വിധി നിലനിൽക്കെയാണ്‌ പുതിയ തീരുമാനം. ജനതാൽപ്പര്യത്തിനൊപ്പം നിൽക്കുന്ന സർക്കാർ കോടതിയിലും ആ നിലപാട്‌ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ഡാം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ്‌ പറഞ്ഞത്‌. ഏറ്റവും ശരിയായ നിലപാടാണത്‌.

എന്നാൽ, കേരളത്തിന്‌ ഹാനികരമായ രണ്ട്‌ സുപ്രീംകോടതി വിധിയും ഉണ്ടായത്‌ യുഡിഎഫ്‌ കാലത്താണ്‌. 2006ൽ അണക്കെട്ടിന്റെ ഉയരം കൂട്ടാമെന്നും 2016ൽ ജലനിരപ്പ്‌ 142 അടിവരെ നിലനിർത്താമെന്നും വിധിയുണ്ടായി. യുഡിഎഫ്‌ സർക്കാർ ഈ പ്രശ്നത്തിൽ എന്ത്‌ നിലപാടെടുത്തു. അന്ന്‌ ഒരു മന്ത്രിയാണ്‌ ‘തനിക്ക്‌ ഉറങ്ങാനാകുന്നില്ല, മന്ത്രിസ്ഥാനംപോയാലും വേണ്ടില്ല ’ ഈ പ്രശ്നം പരിഹരിക്കണമെന്നു പറഞ്ഞ്‌ വൈകാരികമായി പ്രതികരിച്ചത്‌.

എന്നാൽ, അതേ നിലപാട്‌ യുഡിഎഫ്‌ സർക്കാരിന്‌ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ നടത്തിയ ആക്ഷേപങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.