എംഎസ്‌എംഇകൾക്ക്‌ വായ്‌പാ പദ്ധതിയുമായി കെഎഫ്‌സി

0
35

തിരുവനന്തപുരം
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്‌ (എംഎസ്എംഇ) പർച്ചേസ് ഓർഡറുകൾ നടപ്പാക്കാനും ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്യാനും കേരള ഫിനാൻഷ്യൽ കോർപറേഷൻ പ്രത്യേക വായ്‌പാ പദ്ധതി അവതരിപ്പിച്ചു. സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ലഭിക്കുന്ന പർച്ചേസ് ഓർഡർ കെ‌എഫ്സിയിൽ നൽകിയാൽ ഓർഡർ തുകയുടെ 75 ശതമാനംവരെ വായ്‌പ ലഭിക്കും. പർച്ചേസ് ഓർഡർ തീർക്കാനുള്ള സമയം, ഓർഡർ നൽകുന്ന അതോറിറ്റിയിൽനിന്ന് ഫണ്ട് ലഭിക്കുന്ന കാലയളവ് എന്നിവ അനുസരിച്ചാകും തിരിച്ചടവ് കാലാവധി. പലിശനിരക്ക് സംരംഭത്തിന്റെ ക്രെഡിറ്റ് റേറ്റിങ്‌ അനുസരിച്ചാകും. കോവിഡിനുമുമ്പുള്ള ബാലൻസ് ഷീറ്റുകളുടെ അടിസ്ഥാനമാക്കി ക്രെഡിറ്റ് റേറ്റിങ്‌ നടത്തും.

പർച്ചേസ് ഓർഡർ നൽകുന്ന അതോറിറ്റി ബിൽ അംഗീകരിച്ചാൽ ബിൽത്തുകയുടെ 90 ശതമാനംവരെ ഡിസ്‌കൗണ്ട് ചെയ്ത്‌ വായ്പയായി ലഭിക്കും. അന്തിമ ബില്ലുകൾ ഈടില്ലാതെ ഡിസ്‌കൗണ്ട് ചെയ്യാം.

വായ്പ ലഭിക്കാൻ എംഎസ്എംഇയായി രജിസ്റ്റർ ചെയ്യണം. ജിഎസ്ടി രജിസ്ട്രേഷനും ബാലൻസ് ഷീറ്റും വേണം. ജിഎസ്ടി രജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കപ്പെട്ട എംഎസ്എംഇകൾക്ക് ഇത് ബാധകമല്ല. അനുമാന അടിസ്ഥാനത്തിൽ ആദായനികുതി അടയ്‌ക്കുകയാണെങ്കിൽ ബാലൻസ് ഷീറ്റ് വേണ്ട. കമ്പനികൾക്കും രജിസ്‌റ്റേർഡ്‌ സഹകരണ സംഘങ്ങൾക്കും 20ഉം മറ്റുള്ളവർക്ക് എട്ടു കോടിവരെയും വായ്‌പ ലഭിക്കും.