കടമ്ബഴിപ്പുറം ഇരട്ടക്കൊലപാതകം: അയല്‍വാസി അറസ്റ്റില്‍; പിടിയിലാകുന്നത് നാലര വര്‍ഷത്തിന്‌ ശേഷം

0
32

പാലക്കാട് > കടമ്ബഴിപ്പുറം കണ്ണുകുറുശിയില്‍ വൃദ്ധദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസി ക്രൈംബ്രാഞ്ച് അന്വേഷക സംഘത്തിന്റെ പിടിയില്‍. കടമ്ബഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടില്‍ വീട്ടില്‍ യു കെ രാജേന്ദ്രന്‍ (49) ആണ് നാലര വര്‍ഷത്തിനുശേഷം അറസ്റ്റിലായത്.

2016 നവംബര്‍ 14നായിരുന്നു നാട് ഞെട്ടിയ ക്രൂരമായ കൊലപാതകം. കണ്ണുകുറുശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണന്‍ (55), ഭാര്യ അമ്മുക്കുട്ടി (52) എന്നിവരെ കിടപ്പുമുറയിലിട്ട് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മക്കള്‍ വിദേശത്തായതിനാല്‍ ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അമ്മുക്കുട്ടി ധരിച്ച ആറരപ്പവന്‍ സ്വര്‍ണവും 4,000 രൂപയും നഷ്ടപ്പെട്ടിരുന്നു.

കേസില്‍ അഞ്ചു മാസം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കെത്താന്‍ സാധിച്ചില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ സംയുക്ത സമരസമിതിയും ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. ഒറ്റപ്പാലം മുന്‍ എംഎല്‍എ പി ഉണ്ണി നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടര്‍ന്ന്, 2019ല്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറി. നിരവധി പേരുടെ മൊഴിയും വിരലടയാളവും ശേഖരിച്ചു. ലക്ഷക്കണക്കിന് ഫോണ്‍വിളികളും പരിശോധിച്ചു. ഒടുവില്‍ സംശയമുള്ളവരെ വേഷംമാറി മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ക്രൈംബ്രാഞ്ച് എസ്പിമാരായ സുദര്‍ശന്‍, സലീം, ഡിവൈഎസ്പിമാരായ എം വി മണികണ്ഠന്‍, സി എം ദേവദാസ്, തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്‌ഐ മുഹമ്മദ് അഷറഫ്, എഎസ്‌ഐമാരായ എം ഹബീബ്, പി സുദേവ്, സുദേവന്‍, കെ രാമകൃഷ്ണന്‍, എസ്സിപിഒമാരായ സതീഷ്കുമാര്‍, കെ രമേശ്, കെ സജീന, സി വി ഷീബ, സിപിഒ എച്ച്‌ ഷിയാവുദ്ദീന്‍ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി രാജേന്ദ്രനെ കടമ്ബഴിപ്പുറത്തെ വാടകവീട്ടില്‍നിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. അന്വേഷകസംഘം കസ്റ്റഡിയില്‍ വാങ്ങിയശേഷം സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തുമെന്ന് ഐജി എസ് ശ്രീജിത്ത്, എസ്പിമാരായ സലീം, ഡിവൈഎസ്പി മണികണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷ്യം മോഷണം

വളരെക്കാലം ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഗോപാലകൃഷ്ണനും ഭാര്യയും മക്കള്‍ വിദേശത്ത് ജോലി നേടിയതോടെയാണ് കൂലിപ്പണി അവസാനിപ്പിച്ചത്. നോട്ടുനിരോധനം നടന്ന സമയം കടമ്ബഴിപ്പുറം രജിസ്റ്റര്‍ ഓഫീസിനടുത്ത് മക്കള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ ഇവര്‍ പണം നല്‍കിയിരുന്നു. ഇതോടെ ദമ്ബതികളുടെ കൈയില്‍ ധാരാളം പണമുണ്ടെന്ന് നാട്ടുകാര്‍ക്കിടയില്‍ സംസാരമായതാണ് പ്രതിയെ മോഷണത്തിന് പ്രേരിപ്പിച്ചത്. ചെന്നൈയില്‍ ഹോട്ടല്‍ നടത്തിയിരുന്ന പ്രതിക്ക് സാമ്ബത്തിക ബാധ്യതകളുണ്ടായിരുന്നു. ഗോപാലകൃഷ്ണന്റെ വീടും പരിസരവും അടുത്തറിയുന്ന പ്രതി മോഷണത്തിനാണ് ഓട് പൊളിച്ചിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ ഒന്നും ലഭിക്കാതായതോടെ കൊല നടത്തുകയായിരുന്നു.

രീതി ക്രൂരം

ഗോപാലകൃഷ്ണനെയും അമ്മുക്കുട്ടിയെയും തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചശേഷം നിരവധിതവണ വെട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ മുഖം വെട്ടേറ്റ് വികൃതമായ നിലയിലായിരുന്നു. ചെറുതും വലുതുമായ എണ്‍പതോളം വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. മുതുകില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പരിക്കേല്‍പ്പിച്ചിരുന്നു. തങ്കമണിയുടെ തലയുടെ പിന്‍ഭാഗത്തും ചെവിയുടെ മുകളിലും ആഴത്തില്‍ വെട്ടേറ്റിരുന്നു. നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇവരുടെ ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു.