സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം: വീണാ ജോര്‍ജ്

0
62

സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ‘സമയം അമൂല്യം’ (Precious time) എന്നതാണ് ഈ വര്‍ഷത്തെ സ്ട്രോക്ക് ദിന സന്ദേശം.

സ്ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടായാല്‍ സമയബന്ധിതമായി ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കുന്നുവെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.

വളരെ വിലയേറിയ സ്ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കാനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്ട്രോക്ക് സെന്ററുകള്‍ സജ്ജമാണ്. പ്രധാന മെഡിക്കല്‍ കോളേജുകളില്‍ സ്ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്. ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായി എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 10 ആശുപത്രികളില്‍ ഇത് പ്രവര്‍ത്തന സജ്ജമാണ്.

ഈ വര്‍ഷത്തെ സ്ട്രോക്ക് ദിനത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ട് തയ്യാറാക്കിയ പക്ഷാഘാത ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പ്രകാശനം ചെയ്യും. സമയബന്ധിതമായി പക്ഷാഘാതം ചികിത്സിക്കേണ്ട ആവശ്യകതയെ കുറിച്ചും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും പക്ഷാഘാത ലക്ഷണങ്ങളുള്ളവര്‍ അവലംബിക്കേണ്ട ചികിത്സാരീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ഈ പോസ്റ്റര്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ പ്രധാന ആശുപത്രികളിലും പ്രദര്‍ശിപ്പിക്കുന്നതാണ്.

പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കല്‍ ത്രോംബക്റ്റമി എന്ന അതിനൂതന ചികിത്സാരീതിയെ കുറിച്ച് ‘മിഷന്‍ ത്രോംബക്റ്റമി 2020’ എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ ആഗോളതലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനെ കുറിച്ച് സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചുള്ള ഒരു വൈറ്റ് പേപ്പര്‍ മന്ത്രി പ്രകാശനം ചെയ്യും.