മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 138 അടി കടന്നു ; അണക്കെട്ട്‌ നാളെ തുറക്കും.

0
81

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പും  പുറപ്പെടുവിച്ചു.  ജലനിരപ്പ് താഴ്‌ന്നില്ലയെങ്കിൽ മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ ഏഴിന്‌ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്‌തമായ മഴയാണുള്ളത്‌.

ജലവിഭവവകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിൻ ഇന്ന്‌ രാവിലെ  മുല്ലപ്പെരിയാറിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. ആശങ്ക വേണ്ടെന്നും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക്‌ ജാഗ്രതാ നിർദേശം നൽകി.   മാറ്റി പാർപ്പിക്കേണ്ടവരെ ഇന്ന് ക്യാമ്പിലേക്ക് മാറ്റും. മാറ്റി പാർപ്പിക്കേണ്ടവരുടെ  പട്ടികയടക്കം  മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്‌.

തമിഴ്‌നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുകയാണ്‌. അതേസമയം  സെക്കൻഡിൽ 9300 ഘനയടി വെള്ളമാണ്‌ അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്നത്‌.

ജലനിരപ്പ്‌ 137 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും ഇതിൽ മാറ്റമില്ലെന്നും മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. . ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത്‌ 31 വരെ മഴസാധ്യതയുണ്ട്‌. ഇത്‌ അണക്കെട്ടിലേക്ക്‌ കൂടുതൽ വെള്ളമെത്താൻ കാരണമാകും. ഇതിനാൽ പരമാവധി ജലം തമിഴ്‌നാട്‌ എടുക്കണം. തീവ്രമായ മഴയിൽ അണക്കെട്ടിൽ അപ്രതീക്ഷിതമായി ജലനിരപ്പ്‌ ഉയരാറുണ്ട്‌. ഇത്‌ മേൽനോട്ടസമിതിയെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി  പറഞ്ഞു.

അണക്കെട്ട്‌ തുറക്കാൻ സജ്ജമാണ്‌. ഡാമിന്റെ 27 കിലോമീറ്റർ പരിധിയിലെ 884 കുടുംബത്തിലെ 3320ഓളം അംഗങ്ങളുടെ വിവരവും ഫോൺ നമ്പരും ശേഖരിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ രണ്ട് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി. സ്‌ത്രീകൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങി പ്രത്യേക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കിയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാർ വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാത്പര്യ ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വാദം കേൾക്കും.