നിരോധനം നീങ്ങി, കേരളത്തെ ലക്ഷ്യമിട്ട് ഓൺലൈൻ റമ്മി ​കമ്പനികൾ

0
75

ഓൺലൈൻ റമ്മി ​ഗെയ്മുകൾക്ക് ഏർപ്പെടുത്തിയ നിരോധനം കോടതി റദ്ദാക്കിയതിന്‌ പിന്നാലെ പണംവച്ചുള്ള ഡിജിറ്റൽ ചീട്ടുകളി പെരുകുന്നു.
10 പുതിയ കമ്പനികളാണ്‌ ഒരുമാസം കൊണ്ട്‌ മലയാളികളെ ലക്ഷ്യമിട്ടെത്തിയത്‌. തമിഴ്‌നാട്ടിലെ റമ്മി നിരോധനവും പുതിയ നിയമനിർമാണവും കർണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലുള്ള വിലക്കുമാണ്‌ ഇവരെ കേരളത്തിലേക്കടുപ്പിക്കുന്നത്‌ എന്നാണ് റിപ്പോർട്ട്.

പണംവച്ചുള്ള ഓൺലൈൻ റമ്മി കളി സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും നിരവധിപ്പേരെ തള്ളിവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ കേരളം ഓൺലൈൻ റമ്മികളി നിരോധിച്ചത്‌. 1960ലെ കേരള ഗെയിമിങ് ആക്റ്റ്‌ സെക്‌ഷൻ 14 എ ഭേദഗതി ചെയ്‌തായിരുന്നു നിരോധനം. എന്നാൽ, ഇത്‌ സ്‌റ്റാർട്ടപ്‌ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഗെയിം കമ്പനികൾ ഹൈക്കോടതിയിൽ വാദിച്ചു.

റമ്മി നൈപുണ്യമുള്ളവരുടെ കളിയാണെന്ന്‌ കൂട്ടിച്ചേർത്താണ്‌ സെപ്‌തംബർ 27ന്‌ കോടതി സർക്കാർ വിജ്ഞാപനം റദ്ദാക്കിയത്‌. ഇതോടെ നവമാധ്യമത്തിൽ വരെ വൻപരസ്യങ്ങളുമായി റമ്മി ടീമുകൾ ആളെപ്പിടിക്കാൻ തുടങ്ങി. സമ്മാനത്തുക 10 കോടി രൂപവരെ ഉയർത്തി ആകർഷക ഓഫറും പ്രഖ്യാപിച്ചു.

പുതിയ കളിക്കാരെ കൊണ്ടുവരുന്നവർക്കും സമ്മാനവും ഏർപ്പെടുത്തി. അടച്ചുപൂട്ടൽകാലത്താണ്‌ കമ്പനികൾ വൻ വളർച്ച നേടിയത്‌. കഴിഞ്ഞവർഷം 18 ശതമാനം സാമ്പത്തികവളർച്ചയും കളിക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി. അടുത്തവർഷം കേരളത്തിൽനിന്നുള്ള വരുമാനവും കളിക്കാരുടെ എണ്ണവും ഇരട്ടിയാകുമെന്നാണ്‌ കണക്കുകൂട്ടൽ.