ആര്‍.ജെ. സൂരജിനെതിരായ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ ദിവസം കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും അനുയായികളും നടത്തിയ അതിക്രമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ആര്‍.ജെ.സൂരജിനെതിരെ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് അനുകൂലികള്‍ രംഗത്തെത്തിയതെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
‘വിമാന യാത്രയ്ക്കിടെ നേരിട്ട അനുഭവം വെളിപ്പെടുത്തിയതിന് കമന്റ് ബോക്സിലും ഇന്‍ബോക്സിലും അസഭ്യ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നടത്തുന്ന ഈ ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിര്‍ക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആര്‍.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നല്‍കും,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ കൂടെയുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായി ആര്‍.ജെ. സൂരജ് ഫേസ്ബുക്കിലെഴുതിയിരുന്നു.
അതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവമാണ് സൂരജ് എഴുതിയത്. ഇതിന് പിന്നാലെ സൂരജിന് നേരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.