വെട്ടുകാട് തിരുനാൾ; കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മന്ത്രി

0
56

പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ തിരുനാൾ നടത്തിപ്പിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ റവന്യൂ, പൊലീസ് അധികൃതർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു. നവംബർ 12 മുതൽ 21 വരെയാണ് തിരുനാൾ.

തിരുനാൾ ദിവസങ്ങളിൽ ദേവാലയത്തിനകത്ത് പ്രാർഥനയിലും കുർബാനയിലും ഒരു സമയം 400 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. സാമൂഹിക അകലം പാലിച്ചു വേണം ചടങ്ങുകളിൽ പങ്കെടുക്കാൻ. പള്ളിയിലേക്കും പുറത്തേക്കും വിശ്വാസികൾക്കു പ്രവേശിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. തെർമൽ സ്‌കാനിങ്, സാനിറ്റൈസർ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം. തിരുനാളിനെത്തുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. പ്രാർത്ഥനയ്ക്കെത്തുന്നവർ ഒരു ഡോസെങ്കിലും വാക്്‌സിൻ സ്വീകരിച്ചരിക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു ദേവാലയത്തിന്റെ പരിസരങ്ങളിലും പ്രവേശന കവാടങ്ങളിലും ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെന്റ് മുഖേനയും ഇക്കാര്യങ്ങൾ പ്രചരിപ്പിക്കണം.

തിരുനാളിന്റെ ഭാഗമായി സമൂഹസദ്യ ഒഴിവാക്കണമെന്നും പൂവാർ, വിഴിഞ്ഞം ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസ് സർവീസ് നടത്തണമെന്നും യോഗത്തിൽ മന്ത്രി ആന്റണി രാജു പറഞ്ഞു.
പള്ളി പരിസരത്ത് തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഇതിനായി വൊളന്റിയർമാരെ നിയോഗിക്കുമെന്നും പള്ളി ഭാരവാഹികൾ അറിയിച്ചു. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ. സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഇടവക വികാരി ഫാ. ജോർജ് ജെ. ഗോമസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.